കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുകയാണ്. പ്രകൃതിക്കും ജീവജാലങ്ങൾക്കും ഇത് നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറുകയാണ്. കടുത്ത വരൾച്ചയാണ് ദക്ഷിണാഫ്രിക്ക അനുഭവിക്കുന്നത്. സിംബാബ്വെയലെ ഏറ്റവും വലിയ ദേശീയ ഉദ്യാനത്തിൽ ഒരാഴ്ചയ്‌ക്കിടെ ചത്തൊടുങ്ങിയത് 100 ആനകളാണ്. അത്ര ഭീകരമാണ് അവസ്ഥ. കാലാവസ്ഥ വ്യതിയാനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭയാനകമായ അടയാളമാണ് ഇതെന്നാണ് അധികൃതരും ഗവേഷകരും വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയുടെ ദൗർലഭ്യം രൂക്ഷമായി തുടരുകയാണ്.
സ്വാഭാവികമായി സംഭവിക്കുന്നതും ആവർത്തിച്ച് വരുന്നതുമായ കാലാവസ്ഥ പ്രതിഭാസമാണ് എൽ നിനോ. പസഫിക്ക് സമുദ്രത്തിന്റെ ചില ഭാഗങ്ങളിലെ താപനില ഉയരുന്നതാണ് ഈ പ്രതിഭാസം. ഇതിന്റെ ഫലമായി ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാധിക്കുന്നു. കിഴക്കൻ ആഫ്രിക്കയിൽ എൽ നിനോ പ്രതിഭാസം മാരകമായ വെള്ളപ്പൊക്കമാണ് സൃഷ്ടിച്ചതെങ്കിൽ ദക്ഷിണാഫ്രിക്കയിലുടനീളം മഴ കുറവാണ് അനുഭവപ്പെട്ടത്. കാലാവസ്ഥ വ്യതിയാനം എൽ നിനോയുടെ ആഘാതം കൂടുതൽ രൂക്ഷമാക്കും.
2019-ൽ സമാന രീതിയിൽ ഹ്വംഗെയിൽ 200-ലധികം ആനകൾ വരൾച്ചയെ അതിജീവിക്കാൻ കഴിയാതെ മരണത്തിന് കീഴടങ്ങിയിരുന്നു. ഇത് ആവർത്തിക്കുകയാണെന്ന് ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറിലെ ലാൻഡ്‌സ്‌കേപ്പ് പ്രോഗ്രാം ഡയറക്ടർ ഫിലിപ്പ് കുവാവോഗ പറഞ്ഞു.ശരാശരി വലുപ്പമുള്ള ആനയ്‌ക്ക് പ്രതിദിനം 200 ലിറ്റർ വെള്ളമാണ് ആവശ്യം. ഇടത്തരം പ്രായമായ ആനകളെയും വാർദ്ധക്യം ബാധിച്ച ആനകളെയുമാണ് ഇത് കൂടുതലായും ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 45,000 ആനകൾക്കൊപ്പം 100-ലധികം മറ്റ് സസ്തനികളും 400 പക്ഷി ഇനങ്ങളും ഹ്വാംഗിൽ ഉണ്ട്.















