വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീംകോടതി. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിന് നേരെ നടന്ന ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് അക്രമത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടുന്നത്.
കലാപത്തിലോ അക്രമത്തിലോ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യുഎസ് ഭരണഘടനയുടെ വ്യവസ്ഥ പ്രകാരമാണ് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. വാഷിംഗ്ടണിലെ സിറ്റിസൺസ് ഫോർ റെസ്പോൺസിബിലിറ്റി ആൻഡ് എത്തിക്സിന്റെ കൂടെ പിന്തുണയോടെ കൊളറാഡോയിലെ ഒരു കൂട്ടം വോട്ടർമാരാണ് ട്രംപിനെതിരെ കേസ് കൊടുത്തത്. പ്രസിഡന്റ് സ്ഥാനം കൈമാറ്റം ചെയ്യുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും, അതിന്റെ ഭാഗമായി ക്യാപിറ്റോൾ ആക്രമിക്കാൻ ട്രംപ് തന്റെ അനുയായികളെ പ്രേരിപ്പിച്ചു എന്നുമാണ് കേസിൽ പറയുന്നത്.
കൊളറാഡോ സ്‌റ്റേറ്റിൽ മാത്രമായിരിക്കും നിലവിൽ ഈ ഉത്തരവിന് സാധുതയുള്ളത്. മറ്റ് സ്‌റ്റേറ്റുകളിൽ ട്രംപിന് വലിക്ക് വരില്ല. അതേസമയം കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്നും, ജനാധിപത്യവിരുദ്ധമായ നീക്കമാണ് ഇതെന്നുമാണ് ട്രംപിന്റെ വാദം. വിധി അങ്ങേയറ്റം അപലപനീയമാണെന്ന് ചൂണ്ടിക്കാണിച്ച ട്രംപ്, വിഷയത്തിൽ അപ്പീൽ നൽകുമെന്നും വ്യക്തമാക്കി. അപ്പീലുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നാലാം തിയതി വരെ വിധിക്ക് സ്റ്റേ ഉണ്ടെന്നും കോടതി അറിയിച്ചിട്ടുണ്ട്.