ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ എംപിമാർ അധിക്ഷേപിച്ച സംഭവത്തിൽ ദുഖമുള്ളതായി അറിയിച്ച അദ്ദേഹം, ഇത്തരം പ്രവൃത്തി നിർഭാഗ്യകരമാണെന്ന് പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിൽ അധികമായി ഇത്തരം വ്യക്തിഹത്യകൾ താനും നേരിടുന്നണ്ട്. എന്നിരിന്നാലും ഒരു ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിക്കെതിരെ നടക്കുന്ന വേട്ടയാടൽ ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി ഉപരാഷ്‌ട്രപതിയോട് പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുള്ള തന്റെ പ്രവർത്തനങ്ങളെ തടയാൻ ഇത്തരം ചില പ്രവർത്തികൾക്ക് സാധിക്കില്ലെന്ന് പ്രധാനമന്ത്രിയോട് താൻ പറഞ്ഞു. ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ആ മുല്യങ്ങൾക്കായി പ്രതിജ്ഞാബദ്ധനാണ്. അധിക്ഷേപങ്ങൾക്കൊന്നും തന്നെ ഈ പാതയിൽ നിന്നും വ്യതിചലിപ്പിക്കാൻ സാധിക്കില്ല. ഉപരാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു.
പാർലമെന്റിലെ മകർ ദ്വാറിൽ പ്രതിപക്ഷ എംപിമാർ കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധ ധർണക്കിടെയാണ് വിവാദ സംഭവം. ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെ തൃണമൂൽ എംപി കല്യാൺ ബാനർജി പരിഹസിച്ചുകൊണ്ട് അനുകരിക്കുകയായിരുന്നു. ഇത് കോൺഗ്രസ് എംപി രാഹുൽ മൊബൈലിൽ പകർത്തി. സംഭവത്തിനെതിരെ ഇന്നലെ ഉപരാഷ്‌ട്രപതി രംഗത്തുവന്നു. ഒരു കർഷക വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആയതിനാലാണോ തന്നെ ഇങ്ങനെ പരിഹസിക്കുന്നതെന്ന് അദ്ദേഹം സഭയിൽ ചോദിച്ചു. ഇത്തരം പ്രവൃത്തികൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.