തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ താൽക്കാലിക അദ്ധ്യാപകർക്ക് നാലുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അന്വേഷിച്ച് ചെല്ലുന്ന അദ്ധ്യാപകർക്ക് മുന്നിൽ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുന്നുവെന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ഓണത്തിന് ശേഷം വന്ന ഒഴിവുകളിൽ ദിവസ വേതനത്തിന് ജോലിക്ക് കയറിയ അദ്ധ്യാപകർക്കാണ് ശമ്പളം ലഭിക്കാത്തത്. ഓണം കഴിഞ്ഞു ക്രിസ്മസ് എത്തിയിട്ടും ഒരു രൂപ പോലും ഇവർക്ക് ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് സ്പാർക്ക് സോഫ്റ്റ്‌വെയർ മുഖേനയാണ് ദിവസവേതനക്കാർക്ക് ശമ്പളം നൽകുന്നത്. അതിനായി ഓരോരുത്തർക്കും താത്കാലിക പെൻ നമ്പർ നൽകും. ഈ നമ്പർ ഇവർക്ക് ലഭിച്ചിട്ടില്ല. സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ഐഡി നമ്പർ രേഖപ്പെടുത്താത്തത് മൂലമാണ് ശമ്പളം കിട്ടാത്തത്.
ഐഡി നമ്പർ അനുവദിക്കുന്നതിനുള്ള ചുമതല ധനവകുപ്പിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയതോടെയാണ് ശമ്പള പ്രതിസന്ധി ഉണ്ടായത്. ആദ്യം പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും പൂർത്തിയാക്കിയിരുന്ന നടപടി ഇപ്പോൾ എവിടെയാണ് ചെയ്യുന്നതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയുമില്ല.
മുൻപ് ജോലിക്ക് കയറി നാല് ദിവസത്തിനുള്ളിൽ താത്കാലിക പെന്‍നമ്പര്‍ ഉള്‍പ്പെടെയുള്ളവ അദ്ധ്യാപകര്‍ക്ക് ലഭിച്ചിരുന്നു. സംഭവത്തിൽ സർക്കാർ തുടർനടപടികൾ വേഗത്തിലാക്കണമെന്നും ഇല്ലെങ്കിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകുമെന്നും അദ്ധ്യാപകർ അറിയിച്ചു.
അതേസമയം കഴിഞ്ഞ ഓണക്കാലത്തും സമാനമായ രീതിയിൽ ഈ പ്രതിസന്ധി ഉണ്ടായിരുന്നു. അന്ന് ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പ്രശ്നം പരിഹരിച്ചത്.















