തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള സമരങ്ങളെ സിപിഎം അടിച്ചമർത്താൻ നോക്കേണ്ടെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ. ജനങ്ങൾ പരിഹാസത്തോടെയാണ് നവകേരളയാത്രയെ നോക്കിക്കാണുന്നത്. നവകേരള യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുമ്പോൾ വലിയ പ്രതിഷേധം സർക്കാരിന് കാണേണ്ടിവരും. 23 ന് ജില്ലയിൽ സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച മാർച്ച് നടത്തുമെന്നും പ്രഫുൽ കൃഷ്ണ അറിയിച്ചു.
കൊല്ലത്തെ യുവമോർച്ചക്കാർ പ്രതിഷേധിച്ചപ്പോൾ ആക്രമിക്കാൻ വന്നത് ഡിവൈഎഫ്‌ഐക്കാരാണ്. ഒരു കരണത്ത് അടി കിട്ടിയാൽ മറുകരണം കാണിച്ചുകൊടുക്കാൻ യുവമോർച്ചക്ക് സാധിക്കില്ല. ഇങ്ങോട്ട് കേറി ചൊറിഞ്ഞാൽ അങ്ങോട്ട് കയറി മാന്തുക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ കൂടെ ഗുണ്ടാ സംഘങ്ങളാണ് യാത്ര ചെയ്യുന്നത്. അവരാണ് അക്രമം സൃഷ്ടിക്കുന്നതെന്നും പ്രഫുൽ ചൂണ്ടിക്കാട്ടി.
യുവമോർച്ചയുടെ പ്രവർത്തകർക്കെതിരെ മാത്രം പോലീസ് കേസെടുക്കുന്നതാണ് കഴിഞ്ഞ ദിവസം കാണാൻ സാധിച്ചത്. ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നവർ കേമന്മാരും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ കുറ്റവാളികളുമാക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. ഇതിനെതിരെ ശക്തമായി തന്നെ പ്രതിഷേധിക്കുമെന്നും പ്രഫുൽ കൃഷ്ണ അറിയിച്ചു.















