ന്യൂഡൽഹി: ഡൽഹി മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി മരിച്ച റീന ദേവിയുടെ കുടുംബത്തിന് ഡിഎംആർസി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കഴിഞ്ഞ ആഴ്ച ഇന്ദ്രലോക് മെട്രോ സ്റ്റേഷനിൽ നടന്ന അപകടത്തിൽ തലയ്‌ക്കേറ്റ പരിക്കിനെ തുടർന്നാണ് യുവതി മരണമടഞ്ഞത്. ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി നിർദ്ദേശം പ്രകാരം കുട്ടികളുടെ വിദ്യാഭ്യസവും പരിചരണവും ഡിഎംആർസി ഏറ്റെടുത്തിട്ടുണ്ട്.
ഡിസംബർ 14ന് ഇന്ദ്രലോക് മെട്രോ സ്റ്റേഷനിലാണ് ദാരുണമായ സംഭവമുണ്ടായത്. 10 വയസ്സുള്ള മകനോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാനായി നംഗ്ലോയിൽ നിന്ന് മെട്രോയിൽ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതി. അവിടെ നിന്ന് മറ്റൊരു മെട്രോയിൽ കയറാൻ തുടങ്ങുപോമ്പോഴാണ് മെട്രോയുടെ വാതിലിൽ സാരി കുടുങ്ങിയത്.
സഹയാത്രികർ ബഹളം വച്ചെങ്കിലും മെട്രോയുടെ വാതിൽ തുറന്നില്ല. മെട്രോയിൽ കുടുങ്ങി ഏറെ മുന്നോട്ട് നീങ്ങിയ യുവതി പ്ലാറ്റ്ഫോമിന്റെ അറ്റത്തുള്ള ഗേറ്റുമായി കൂട്ടിയിടിച്ച് ട്രാക്കിൽ വീഴുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. 10 വയസ്സുള്ള മകൻ ഹിതേന്ദ്രയുടെ കൺമുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണർ അന്വേഷണം നടത്തിവരികയാണ്.