ജഗ്ദീപ് ധൻകറിനെ അപമാനിച്ചോളൂ, ഭാരതത്തിന്റെ ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ചാൽ സഹിക്കില്ല; സഭയുടെയും പദവിയുടെയും അന്തസ്സ് സംരക്ഷിക്കേണ്ടത് കടമ: ജഗ്ദീപ് ധൻകർ

Published by
Janam Web Desk

ന്യൂഡൽഹി: മിമിക്രി വിവാദത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ജ​ഗ്ദീപ് ധൻകർ എന്ന വ്യക്തിയെ എത്ര അപമാനിച്ചാലും പ്രശ്‌നമില്ല, എന്നാൽ ഭാരതത്തിന്റെ ഉപരാഷ്‌ട്രപതിയെയും കർഷക സമൂഹത്തെയും അധിക്ഷേപിക്കുന്നത് സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെയും പദവിയുടെയും അന്തസ്സ് സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

നിങ്ങൾ ജഗ്ദീപ് ധൻകർ എന്ന വ്യക്തിയെ അപമാനിച്ചാലും എനിക്ക് പ്രശ്‌നമില്ല. എന്നാൽ ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയെയും എന്റെ സമൂഹമായ കർഷക സമൂഹത്തെയും അധിക്ഷേപിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. എന്റെ പദവിയുടെ അന്തസ്സ്, ഈ സഭയുടെ അന്തസ്സ് ഇത് സംരക്ഷിക്കേണ്ടത് എന്റെ കടമയാണ് – ജഗ്ദീപ് ധൻകർ പറഞ്ഞു.

പാർലമെന്റിലെ മകർ ദ്വാരിന് മുന്നിൽ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് സംഭവം. ധർണ്ണയ്‌ക്കിടെ തൃണമൂൽ എംപി കല്യാൺ ബാനർജി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെ പരിഹസിക്കുന്ന വിധത്തിൽ അനുകരിക്കുകയായിരുന്നു. അതിരുകടന്ന പരിഹാസത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു കോൺ​ഗ്രസ് എംപി രാഹുലിന്റേത്. അ​ധിക്ഷേപ അനുകരണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.

സംഭവത്തിനെതിരെ പാർലമെന്റിന് അകത്തും പുറത്തുമായി വലിയ പ്രതിഷേധമാണ് ഉയർന്നത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ തന്നെ രം​ഗത്ത് വന്നിരുന്നു. പാർലമെന്ററികാര്യ മന്ത്രി വിഷയത്തിൽ കടുത്ത വാക്കുകളിൽ പ്രതികരിച്ചിരുന്നു. രാഷ്‌ട്രപതി വിഷയത്തിൽ പ്രതികരിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Share
Leave a Comment