കൊച്ചി: അഞ്ച് കൊലപാതക കേസുകളിൽ പ്രതിയായ റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി. രണ്ട് പകൽ മാത്രമാണ് ജയാനന്ദന് പരോൾ അനുവദിച്ചിരിക്കുന്നത്. തടവിൽ കഴിയുന്ന വേളയിൽ ജയാനന്ദൻ പുലരി വിരിയും മുമ്പേ എന്ന പുസ്തകം രചിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ നൽകിയിരിക്കുന്നത്.
ഡിസംബർ 22,23 ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാകും പരോൾ അനുവദിക്കുക. ഡിസംബർ 23-നാണ് കൊച്ചിയിൽ പുസ്തക പ്രകാശനം നടക്കുന്നത്. അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദനിലൂടെ ഭാര്യ ഇന്ദിരയാണ് പരോളിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ജയാനന്ദന് സാധാരണ പരോൾ അനുവദിക്കാൻ നിയമമില്ലെന്നും ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 17 വർഷത്തോളമായി പ്രതി വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് തടവിൽ കഴിയുന്നത്. മുമ്പ് മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മാർച്ചിൽ കൊടുംകുറ്റവാളിയായ ജയാനന്ദൻ പരോളിൽ ഇറങ്ങിയത്. അന്ന് രണ്ട് ദിവസത്തെ എസ്‌കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്.
മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ തുടങ്ങി ഇരുപത്തിനാല് കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണം തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അതീവ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല.















