തിരുവനന്തപുരം: യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരെയുള്ള പരാമർശങ്ങൾ തന്നെ ഇതിന് തെളിവാണെന്നും കോടതി വ്യക്തമാക്കി. റുവൈസ് ഷഹ്നയുടെ വീട്ടിലെത്തി സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചിരുന്നതിന് ദൃക്‌സാക്ഷികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഷഹ്ന ആത്മഹത്യ ചെയ്ത ദിവസം റുവൈസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതി ഇത് ഒഴിവാക്കുകയും ഷഹ്നയെ ബ്ലോക്ക് ചെയ്യുകയുമാണ് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി ഗോപിനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡോ.ഇഎ റുവൈസ് നൽകിയ ജാമ്യാപേക്ഷയിലാണ് നിരീക്ഷണം. ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റി.
എന്നാൽ പ്രണയബന്ധം തകർന്നതാണ് കാരണമെന്നും സ്ത്രീധനം ചോദിച്ചതിന് തെളിവില്ലെന്നുമാണ് റുവൈസിന്റെ വാദം. റുവൈസ് ഈ കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.















