ഇസ്ലാമാബാദ് : പാകിസ്താനിലെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് ആംനെസ്റ്റി ഇന്റർനാഷണൽ. കൊലപാതങ്ങൾക്കും നിയമവിരുദ്ധ നാടുകടത്തലിനുമെതിരെ സമരം ചെയ്ത ബലൂചിസ്ഥാൻ നിവാസികളുടെ അറസ്റ്റിനെതിരെയാണ് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചത്.
ഡിസംബർ 17ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ബലൂച് മാർച്ചിൽ പങ്കെടുത്ത 20-ഓളം പേരെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ബലൂചിസ്ഥാനിൽ നിന്ന് ഇസ്ലാമാബാദിലേക്കായിരുന്നു മാർച്ച്. ബലൂചിസ്ഥാനിലെ ടർബതിൽ നിന്നും പാക് കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റ് (സിടിഡി) അധികൃതർ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെയായിരുന്നു പ്രതിഷേധം. പ്രക്ഷോഭത്തിനാസ്പദമായ കൊലപാതകം നവംബർ 23-നായിരുന്നു നടന്നത്.
പ്രതിഷേധക്കാരെ തുറങ്കിലടച്ച പാക് നടപടിയെ ശക്തമായി വിമർശിച്ചു കൊണ്ടാണ് ആംനെസ്റ്റി രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യരുതെന്നും ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കൊലപാതകങ്ങളിൽ അന്വേഷണം നടത്തണമെന്നും ആംനെസ്റ്റി ഇന്റർനാഷ്ണൽ പറഞ്ഞു.