വിവാഹത്തിന് എത്തുമെന്ന് ഉറപ്പ് നൽകിയിട്ടും വരാത്തവരിൽ നിന്നും പണം വാങ്ങാൻ തയ്യാറെടുത്ത് വധു. ‘ഷീ ഈസ് ഓൺ ദി മണി’ എന്ന പോഡ്കാസ്റ്റിലൂടെയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള യുവതി ഇക്കാര്യം അറിയിച്ചത്.
പത്തുലക്ഷത്തിലധികം രൂപയാണ് താൻ അതിഥികൾക്കുവേണ്ടി ചിലവാക്കിയത്. ജൂലൈ മാസത്തിൽ നടത്താനിരുന്ന വിവാഹത്തിന് ഈ വർഷമാദ്യം ക്ഷണക്കത്ത് അയക്കുമ്പോൾ തന്നെ ഇവരിൽ നിന്ന് വരുമെന്ന് ഉറപ്പ് വാങ്ങിയിരുന്നു. എന്നാൽ ഇതിൽ പത്തോളം പേർ വിവാഹത്തിൽ പങ്കെടുത്തില്ല. അതിനാൽ 1336 ഡോളർ തുകയുടെ നഷ്ടമുണ്ടായെന്നും ആ തുക ഇവരിൽ നിന്ന് പിരിച്ചെടുക്കുമെന്നുമാണ് യുവതി പറയുന്നത്. അതേസമയം വിവാഹ വേദിയിലേക്ക് എത്താനുള്ള യാത്രാചിലവ് വഹിക്കാൻ കഴിയാത്തതിനാലാണ് ക്ഷണം ലഭിച്ചിട്ടും ചിലർ വരാതിരുന്നതെന്ന് യുവതി തന്നെ വെളിപ്പെടുത്തി.
ഇതോടെ നിരവധി പേരാണ് യുവതിയെ എതിർത്തും അനുകൂലിച്ചും രംഗത്ത് വന്നത്. ക്ഷണം ലഭിച്ചിട്ട് ആറു മാസത്തെ സമയം ലഭിച്ചിട്ടും വരില്ലെന്ന് അവസാന നിമിഷം മാത്രം അറിയിച്ചത് ശരിയായില്ലെന്നാണ് ചിലരുടെ അഭിപ്രായം. വിവാഹത്തിന്റെ ചെലവ് വഹിക്കാൻ കഴിയില്ലെങ്കിൽ ലളിതമായി നടത്തണമെന്നുമായിരുന്നു മറ്റ് ചിലരുടെ നിലപാട്. ക്ഷണിച്ചിട്ട് വരാത്തവരുടെ കൈയിൽ നിന്നും പണം പിരിക്കുന്നത് അൽപ്പത്തരമാണെന്ന അഭിപ്രായവും ഒരു കൂട്ടർ പങ്കുവച്ചു.















