മുംബൈ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായി അഭിനയിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് നടൻ പങ്കജ് ത്രിപാഠി.
ഹൃദയസ്പർശിയായ വാക്കുകളാണ് പങ്കജ് പങ്കുവെച്ചത്. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ‘മേൻ അടൽ ഹൂൺ’ എന്ന ബയോപിക്കിലാണ് പങ്കജ് മുൻ പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നത്.
ഞാൻ രണ്ട് തവണ മാത്രമേ രാഷ്‌ട്രീയ റാലികളിൽ പോയിട്ടുള്ളൂ, അത് ഒരേയൊരു നേതാവിനെ കേൾക്കാൻ വേണ്ടി മാത്രമാണ് അത് അദ്ദേഹമായിരുന്നു വാജ്‌പേയി. ലക്ഷക്കണക്കിന് ജനങ്ങൾക്ക് നടുവിൽ നിന്ന് അടൽജി പറയുന്നത് കേൾക്കുന്ന 20 വയസ്സുള്ള ഒരു പയ്യനായിരുന്നു അന്ന് ഞാൻ. എന്നെങ്കിലും ഒരു നടനാകുമെന്നും അദ്ദേഹത്തിന്റെ വേഷം ചെയ്യുമെന്നും ഞാൻ അന്ന് ഓർത്തിരുന്നില്ല. അദ്ദേഹത്തെ അത്രയ്‌ക്ക് ഇഷ്ടമാണ്.- പങ്കജ് പറഞ്ഞു.
ചിത്രത്തിന്റെ ട്രയിലർ പങ്കജ് തന്റെ ഇൽസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്.
View this post on Instagram
രവി ഋഷി വിർമാനി രചന നിർവഹിച്ച മേൻ അടൽ ഹൂൺ സംവിധാനം ചെയ്തത് രവി ജാദവാണ്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. മൂന്ന് മിനിറ്റ് 37 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ വാജ്‌പേയിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. അദ്ദേഹത്തിന്റെ
രാഷ്‌ട്രീയ യാത്ര. നർമ്മബോധം, ബിജെപിയുടെ രൂപീകരണം, പ്രതിപക്ഷത്തായിരിക്കുകയും പിന്നീട് സർക്കാർ രൂപീകരിക്കുകയും ചെയ്യുന്നതിന്റെയും നേർചിത്രം എന്നിവ ട്രയിലർ പങ്കുവെക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങൾ, ആഗോള ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ സംഭാവനയാണ് വാജ്‌പേയി നൽകിയത്.
2023 ഡിസംബറിൽ റിലീസ് ചെയ്യുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത് എന്നാൽ റിലീസ് തീയതിയിൽ മാറ്റം വന്നിട്ടുണ്ട്. ചിത്രം 2024 ജനുവരി രണ്ടാം വാരം പ്രദർശനത്തിന് എത്തുമെന്നാണ് നിലവിലെ അറിയിപ്പ്.















