തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗികളെ പരിചരിക്കാൻ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവർത്തകർ ഇല്ലാത്തത് കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ മാത്രമായി 80,000ൽ അധികം ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ എട്ട് ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അവരെ പരിചരിക്കാനായി ആവശ്യത്തിന് ഡോക്ടർമാരോ, നഴ്‌സുമാരോ ഇല്ലാത്തത് കടുത്ത സമ്മർദ്ദത്തിലേക്ക് വഴിവയ്‌ക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും കെജിഎംഒഎ പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലുള്ള കുറവ് രോഗനിർണയം നടത്തുന്നതിനോ ആവശ്യമായ പരിചരണം നൽകുന്നതിനോ കഴിയാത്ത സാഹചര്യത്തിലാണെന്നും കെജിഎംഒഎ വ്യക്തമാക്കി. കൃത്യമായി ഭക്ഷണമോ വിശ്രമോ ഇല്ലാതെ തുടർച്ചയായി രോഗികളെ പരിചരിക്കേണ്ട സ്ഥിതിയിലാണെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഐസിയുവിൽ ഒരു രോഗിക്ക് ഒരു നഴ്‌സ് എന്നതാണ് കണക്കെങ്കിലും ഐസിയുവിലെ മുഴുവൻ രോഗികളയും പരിചരിക്കാൻ ഒന്നോ രണ്ടോ നഴ്‌സുമാർ എന്ന സ്ഥിതിയാണിപ്പോൾ. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കെജിഎഒഎ പറഞ്ഞു.















