മുഖ്യന്ത്രി പറയുമ്പോൾ ആക്രമണം നടത്തുകയും പറയുമ്പോൾ മാത്രം സുരക്ഷ ഏർപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പ്രവണതയാണ് അടുത്തിടെയായി കേരള പോലീസിന്. ചില പ്രത്യേക ആളുകളോട് മാത്രം മൃദുസമീപനം എന്നത് പരസ്യമായ രഹസ്യമാണ്. നവകേരള സദസിനായി രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും സുരക്ഷയ്ക്കായി ഏർപ്പെടുത്തിയത്. എന്നാൽ
പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ വരുന്ന ശബരിമലയിൽ സുരക്ഷ ഡ്യൂട്ടിക്ക് കേവലം 600 പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് വിന്യസിച്ചിരുന്നത്. മറ്റെല്ലാവരും മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കുമൊപ്പം പുത്തൻ കേരളം സൃഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു.
സർക്കാരിനും ദേവസ്വം ബോർഡിനും എല്ലാ കാലവും ശബരിമല വരുമാന സ്രോതസ് മാത്രമാണ്. ഇതൊന്നും അറിയാതെ അയ്യപ്പസ്വാമിയെ ഒരു നോക്ക് കാണാനെത്തുന്ന ഭക്തർ അനുഭവിക്കുന്നത് നരക യാതനയും. ‘അതിഥി ദേവോ ഭവഃ’ എന്നത് കേവലം ആദർശം മാത്രമായി മാറിയ കാഴ്ചയാണ് കഴിഞ്ഞയാഴ്ച ശബരിമലയിൽ കണ്ടത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എവിടെ എന്ന് ചോദിച്ച് കൊണ്ടുള്ള അയ്യപ്പഭക്തരുടെ ആക്രോശം ഇന്നും കാതുകളിൽ മുഴങ്ങി കേൾക്കുന്നു. ഉത്തരവാദിത്വവും ആത്മർത്ഥതയും കാണിക്കാതെ പേരിന് മാത്രം ജോലിയെടുത്ത്, പരസ്പരം പഴി ചാരുന്നവർ മാതൃക ആകേണ്ട ഒരാളുണ്ട്, അങ്ങ് സന്നിധാനത്ത്…
ശബരിമല ഡ്യൂട്ടി നിയോഗമായി കണ്ട് തന്നെ ഏൽപ്പിച്ച ഉത്തവാദിത്വം ഭംഗിയായി നിറവേറ്റുകയാണ് യുവ ഐപിഎസ് ഉദ്യോഗസ്ഥനായ ബോഷ് ഭസ്മ അധരി. സന്നിധാനത്തെ എഎസ്പി ആണ് അദ്ദേഹം. കഴുത്തിലൊരു തോർത്ത് ചുറ്റി, കയ്യിലൊരു വിസിലുമായി പതിനെട്ടാം പടിക്ക് മുകളിലും താഴെയുമായി സധാ സമയവും കാണുന്ന പ്രസന്നമായ മുഖം. ഒരേ സമയം തിരക്ക് നിയന്ത്രിച്ചും നിർദ്ദേശം നൽകിയുമുള്ള ക്രിയാത്മകമായ ഇടപെടൽ. പടി കയറ്റി വിടുന്ന പോലീസ് സ്വാമിമാർക്ക് ഊർജ്ജവും കരുത്തുമാണ് അസം സ്വദേശിയായ ഈ ഐപിഎസ് ഉദ്യോഗസ്ഥൻ.
തിരക്ക് ക്രമാതീതമായപ്പോൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിർവഹിക്കുക, കൂട്ടായി ഏത് പ്രതിസന്ധിയേയും നേരിടുക എന്നിവയായിരുന്നു തബോഷ് സ്വീകരിച്ച മാർഗങ്ങൾ. രണ്ടാഴ്ച നീണ്ട ഭഗവാൻ സന്നിധിയിലെ ഡ്യൂട്ടി എന്ന നിയോഗം അവസാനിപ്പിച്ച് തബോഷ് ഇന്ന് മലയിറങ്ങും. കർമ രംഗത്ത് ശബരിമല നൽകിയ വലിയൊരു അനുഭവ സമ്പത്തുമായാണ് യുവ ഉദ്യോഗസ്ഥന്റെ മടക്കം. കമ്യൂണിസ്റ്റ് ഭീകരർ ഭീഷണി സൃഷ്ടിക്കുന്ന ഇരിട്ടിയിലേക്ക് എഎസ്പി ആയാണ് മടക്കം.















