ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 324 കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. ഭീകരവാദ സ്വഭാവമുള്ള കേസുകളുടെ ഗൗരവത്തെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് കൈമാറുന്നത്.
2018 ഡിസംബർ 1 നും 2023 നവംബർ 30 നും ഇടയിലാണ് 324 കേസുകൾ എൻഐഎക്ക് കൈമാറിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി സഭയിൽ വ്യക്തമാക്കി. ഇതിൽ 84 കേസുകളിൽ വിധി പ്രസ്താവിച്ചതായും അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഈ വർഷം നവംബർ 30 വരെ 15 കേസുകളിലാണ് വിധി പ്രസ്താവിച്ചത്. 2022ൽ 31, 2021ൽ 15, 2020ൽ 9, 2019 ൽ 14 എന്നിങ്ങനെയാണ് വിധി പ്രസ്താവിച്ച കേസുകളുടെ എണ്ണം. ഈ വർഷം നവംബർ 30 വരെ 15 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. 2022ൽ 30, 2021ൽ 15, 2020ൽ 9, 2019ൽ 12 പ്രതികൾ ശിക്ഷിക്കപ്പെട്ടതായും രാജ്യസഭയിൽ രേഖമൂലം മറുപടി നൽകി.















