കൊച്ചി: മറിയക്കുട്ടിക്ക് പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പെൻഷൻ നൽകിയേ തീരുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അല്ലാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.
78 വയസ്സായ വൃദ്ധയാണ് പെൻഷൻ മുടങ്ങിയതിന്റെ പേരിൽ കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റ് വരുമാനങ്ങളില്ലാത്തയാളാണ് അവർ. സർക്കാരിന് മറ്റ് കാര്യങ്ങൾക്ക് ചെലവാക്കാൻ പണമുണ്ട്. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിൻ്റേയും ആഹാരത്തിൻറേയും ചെലവെങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. മുതിർന്ന പൗരയായ ഹർജിക്കാരിയുടെ പ്രശ്നം സർക്കാർ അല്ലാതെ മറ്റാര് പരിഹരിക്കുമെന്നും കോടതി ആരാഞ്ഞു. 1,600 രൂപയല്ലെ ചോദിക്കുന്നുള്ളുവെന്നും കോടതി ആരാഞ്ഞു. എന്തുകൊണ്ട് ഹർജിക്കാരിയെ പോലെയുള്ളവർക്ക് മുൻഗണന നൽകുന്നില്ലെന്ന് കോടതി വിമർശനം ഉന്നയിച്ചു.
സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കൂടാതെ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ലായെന്നും സർക്കാർ വാദിച്ചു. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി എന്ന വാദത്തെ കോടതി ചോദ്യം ചെയ്തു. പണമില്ലായെന്ന് പറഞ്ഞ് സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. നവകേരള സദസിനായി കോടികൾ പിരിക്കുകയും ചെലവാക്കുകയും ചെയ്യുന്ന സർക്കാരിന് പെൻഷൻ നൽകാൻ പണമില്ലെന്ന് പറയരുതെന്നും ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.
ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതിനാൽ കോടതിക്ക് മുമ്പിൽ എത്തിയ മറിയക്കുട്ടി ഒരു വിഐപിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതിക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ.1,600 രൂപ സർക്കാരിന് ഒന്നുമല്ലായിരിക്കും എന്നാൽ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി പറഞ്ഞു. മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകുന്ന കാര്യത്തിൽ സർക്കാരിനോട് നാളെ തീരുമാനം അറിയിക്കാൻ നിർദ്ദേശിച്ചു.















