തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ മണൽ ചിത്രം ഒരുങ്ങുന്നു. ജനുവരി മൂന്നാം തീയതി തൃശൂരിൽ നടക്കുന്ന ബിജെപി മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തൃശൂരിലെത്തുന്നതിന് മുന്നോടിയാണ് അദ്ദേഹത്തിന്റെ കൂറ്റൻ മണൽ ചിത്രം വരയ്‌ക്കുന്നത്. വടക്കുംനാഥക്ഷേത്ര മൈതാനിയിലെ വേദിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് മണൽ ചിത്രത്തിന്റെ നിർമ്മാണ ചടങ്ങിന് ഭദ്ര ദീപം കൊളുത്തി. തുടർന്ന് ബിജെപി സംസ്ഥാന സമിതി അംഗം നുസ്രത്ത് മണൽ ചിത്രം വരയ്‌ക്ക് തുടക്കം കുറിച്ചു.
മണൽ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ലോകത്തിലെ ഏറ്റവും വലിയ മണൽ ചിത്രം വരയ്‌ക്കുന്നത്. രാജ്യത്തെ 51 സ്ഥലങ്ങളിൽ നിന്നുള്ള മണൽ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മനാടായ വഡോദരയിൽ നിന്നും ഇവിടെ മണൽ എത്തിച്ചിട്ടുണ്ട്. ചിത്രം പൂർത്തിയാക്കാൻ പത്ത് ദിവസമെടുക്കും. നിറങ്ങൾക്ക് പകരം മണൽപ്പൊടികളാണ് ഉപയോഗിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം പ്രധാനമന്ത്രിക്ക് ആദരവായി സമ്മാനിക്കും. ബാബു എടക്കുന്നിയെ സഹായിക്കാനായി മറ്റ് ചിത്രകലാകാരന്മാരും ഒപ്പമുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിർമ്മാണച്ചെലവ് വഹിക്കുന്നത്.
മണൽ ചിത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംവരണ ബിൽ പാസാക്കിയ ശേഷം മൂന്നാം തീയതി തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് അനുമോദനമർപ്പിച്ച് രണ്ട് ലക്ഷം സ്ത്രീകളാണ് മഹിളാ സംഗമത്തിൽ അണിനിരക്കുക. സമ്മേളനത്തോട് അനുബന്ധിച്ച് സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.















