കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് ഇന്ന് തീയേറ്ററുകളിലെത്തി. സിനിമയുടെ ആദ്യ ഷോ പിന്നിടുമ്പോൾ മികച്ച പ്രതികരണം നേടുകയാണ്. ചിത്രം കണ്ടിറങ്ങിയ ആരാധകരുടെ ഒന്നടങ്കം പറയുന്നത് ഇത് താരരാജാവിന്റെ തിരിച്ചുവരാണെന്നാണ്. സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യയുടെയും വീഡിയോ പുറത്തുവരികയാണ്.
ചിത്രത്തിന്റെ ആദ്യ ഷോ കണ്ട ശേഷം പൊട്ടിക്കരഞ്ഞു കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ പുറത്തെത്തിയത്. ലാലേട്ടന്റെ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ അനശ്വരയുടെ പ്രകടനവും മികച്ചതായിരുന്നു. ചിത്രത്തിലെ എല്ലാവരുടെയും പ്രകടനങ്ങളും മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കവിതാ തീയേറ്ററിലാണ് ആന്റണി പെരുമ്പാവൂരും ഭാര്യയും നേര് കാണാനെത്തിയത്.
തുമ്പ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു പ്രധാന കേസിന്റെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പ്രാക്ടീസ് ഇല്ലാതെ ഒരു വക്കീൽ കേസ് ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും സൂചനകൾ നൽകിയിരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രിയാമണിയും ചിത്രത്തിൽ എത്തുന്നുണ്ട്.
സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായാദേവി.