മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായി ഗവർണർ നോമിനേറ്റ് ചെയ്ത പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ തടഞ്ഞ് എസ്എഫ്ഐ. ഗവർണർ നോമിനേറ്റ് ചെയ്ത് ഒമ്പത് പേരെയും സെനറ്റ് യോഗം ചേരുന്ന ഹാളിന് പുറത്ത് നിർത്തുകയായിരുന്നു. ഇവരിൽ പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയും ഉൾപ്പെടുന്നുണ്ട്. കാഴ്ചശക്തിയില്ലാത്ത വ്യക്തിയാണ് ബാലൻ മാഷ്. എന്നാൽ 214 പുസ്തകങ്ങളാണ് അദ്ദേഹം ഇതിനോടകം എഴുതി തീർത്തത്.
കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ശക്തമായി വിമർശിച്ചു. സെനറ്റ് അംഗങ്ങൾ സർവകലാശാലയിൽ തന്നെ യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ജെഎൻയു ശരിയാക്കാൻ കഴിഞ്ഞെങ്കിൽ ഇതും സധിക്കും. കേരളത്തിലെ സർവകലാശാലകളിൽ ജനാധിപത്യം നടപ്പിലാക്കാൻ കേന്ദ്രത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെല്ലുവിളികളേയും അന്ധതയേയും മനക്കരുത്തോടെ നേരിട്ട സാധുമനുഷ്യനെ ഒരു ദിവസത്തേക്ക് തടഞ്ഞുവെക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. അന്തിമമായി ഇവർക്ക് വിജയിക്കാനാവില്ല. കാലം ഒന്നിനും കണക്കുപറയാതെ കടന്നുപോവില്ല. സർവ്വകലാശാലകൾ എസ്എഫ്ഐയുടെ തറവാട്ടുസ്വത്തല്ലെന്നും പിണറായി വിജയന് സ്ത്രീധനം കിട്ടിയതുമല്ലെന്നും വൈകാതെ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട 18 അംഗങ്ങളിൽ, സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചുള്ളൂ. സെനറ്റ് യോഗം അഞ്ച് മിനിറ്റിനുള്ളിൽ നിർത്തിവച്ചു.