കോഴിക്കോട്: മലബാറിലെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി പള്ളി അഥവാ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രം ബസലിക്കയായി ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയാണ് മാഹി പള്ളി ബസിലിക്കയായി ഉയർത്തിയെന്ന് പ്രഖ്യാപിച്ചത്. കോഴിക്കോട് അതിരൂപതയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ശതാബ്ദി ആഘോഷിക്കുന്ന കോഴിക്കോട് രൂപതയ്‌ക്ക് ലഭിച്ച അംഗീകാരവും ക്രിസ്തുമസ് സമ്മാനവുമായി ഇതിനെ കാണുന്നുവെന്ന് കോഴിക്കോട് അതിരൂപത വ്യക്തമാക്കി.
വടക്കൻ കേരളത്തിലെ ആദ്യ ബസലിക്കയാണ് മാഹി പള്ളി. റോമൻസഭയുമായും മാർപാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവമായ ആരാധനാക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകൾ. ദേവാലയത്തിലെ ആരാധനാക്രമം, കൂദാശകൾ, സൗന്ദര്യം, വലിപ്പം, പ്രശസ്തി, ദൗത്യം, പഴക്കം, അന്തസ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് പള്ളിയെ മാർപാപ്പ ബസിലിക്കയായി ഉയർത്തുന്നത്.
കേരളത്തിൽ നാല് ബസലിക്കകളാണ് നിലവിലുള്ളത്. അർത്തുങ്കൽ ബസിലിക്ക, വല്ലാർപ്പാടം ബസിലിക്ക, തൃശൂർ പുത്തൻപ്പള്ളി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക എന്നിവയാണ് മറ്റ് മൂന്ന് ബസലിക്കകൾ. ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന കുട, മണികൾ, പേപ്പൽ കുരിശിന്റെ താക്കോലുകൾ എന്നീ മൂന്ന് അടയാളങ്ങളും മാഹി പള്ളിയിൽ പ്രദർശിപ്പിക്കും.















