തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഗവർണറെ ആക്രമിക്കാൻ ആഹ്വാനം നൽകുന്നയാൾ എന്നിൽ നിന്ന് ഒരു പ്രതികരണവും അർഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നൽകുന്നയാളാണെന്നും ഗുണ്ടകളെയും അക്രമികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗവർണർ ആരോപിച്ചു. തന്റെ കാർ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്‌ക്ക് എടുത്തവരോട് മറുപടി പറയാനില്ല. ആരാണ് അവർ..? അവരെ അയച്ചത് അദ്ദേഹമാണോ അതോ മറ്റാരെങ്കിലുമാണോ…? അങ്ങനെയുള്ള ഒരാളുമായി താൻ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനം കൊടുത്തിട്ടുള്ള സാമ്പത്തിക ഉറപ്പുകൾ പാലിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും ഗവർണർ വിമർശിച്ചു.
സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തിന്റെ പേരിൽ എസ്എഫ്ഐ അക്രമകാരികൾ ഗവർണർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഗവർണർ സഞ്ചരിച്ച വാഹനത്തിന് നേരെ മൂന്നിടങ്ങളിൽ ആക്രമണം നടന്നു. വാഹനത്തിന് സാരമായ കേടുപാടുണ്ടായി. എന്നാൽ അക്രമം നടന്ന മൂന്നാമത്തെ സ്ഥലത്ത് ഗവർണറുടെ പൈലറ്റ് വാഹനം നിർത്തിയതിനെ തുടർന്ന് പ്രധിഷേധക്കാർക്ക് വാഹനത്തിൽ കേടുപാടുകൾ ഉണ്ടാക്കാൻ സാധിച്ചു. ഭരണ തലവന്റെ സുരക്ഷാ വീഴ്ചയ്‌ക്ക് സംസ്ഥാനം മറുപടി പറയേണ്ട സ്ഥിതിയാണ് നിലവിൽ.