അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള രൂപങ്ങൾക്ക് ആവശ്യങ്ങൾ വർദ്ധിക്കുന്നതായി നിർമ്മാതാക്കൾ. ഭാരതത്തിൽ നിന്നും മാത്രമല്ല, വിദേശ രാജ്യങ്ങളിലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോർട്ട്. രാമക്ഷേത്രത്തിന്റെ മാതൃകയ്‌ക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതായി ഇത് നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമയായ ആദിത്യ ആദിത്യ സിംഗ് പറഞ്ഞു.
ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള രൂപങ്ങൾ നിർമ്മിക്കുകയാണ്. മുൻ വർഷങ്ങളിൽ മാതൃകയ്‌ക്ക് നിരവധി ഓഡറുകൾ വന്നിരുന്നത് രാജ്യത്തിന് അകത്ത് നിന്നുമായിരുന്നു. എന്നാൽ, ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ വരുന്നതായാണ് ആദിത്യ സിംഗ് പറയുന്നത്.

അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ വന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ളവരിൽ കൂടുതൽ പേരും വലിയ ശില്പങ്ങളാണ് ആവശ്യപ്പെടുന്നത്. വലിയ ശില്പങ്ങൾക്ക് എട്ടടി നീളവും നാലര അടി വീതിയും അഞ്ചടി ഉയരവും ഉണ്ടാകുമെന്ന് ആദിത്യ സിംഗ് പറഞ്ഞു. വലിയ ശില്പങ്ങളുടെ വില ഏകദേശം 90,000 മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതുമുതൽ നിരവധി ആവശ്യക്കാരാണ് മാതൃക രൂപങ്ങൾക്കായി തന്നെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ തന്റെ വ്യാപാരത്തിൽ 10 ശതമാനത്തോളം വർദ്ധനവ് ഉണ്ടാകും.















