ന്യൂഡൽഹി: ത്സാർഖണ്ഡിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹു സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത് പഴയ കെട്ടിടങ്ങളിലായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ. 351 കോടിയുടെ പണവും മൂന്ന് കോടിയോളം വിലമതിക്കുന്ന ആഭരണങ്ങളുമാണ് ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിന്നും കണ്ടെത്തിയത്. ഇതിൽ 329 കോടിയുടെ സ്വത്തുക്കൾ പൊട്ടിപൊളിഞ്ഞ കെട്ടിടത്തിൽ നിന്നാണ് സംഘം കണ്ടെടുത്തത്.
ഒഡീഷയിലെ സുദാപദ, ടിറ്റ്‌ലഗഡ്, സംബൽപൂർ ഖേത്രജ്‌രാജ്പൂർ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിൽ നിന്നാണ് പണം കണ്ടെടുത്തത്. രഹസ്യ അറകൾ നിർമ്മിച്ചാണ് സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത്. ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.
ഡിസംബർ 6-ന് ആരംഭിച്ച റെയ്ഡ് ഒരാഴ്ചയോളം നീണ്ടു. 100-ലധികം ഉദ്യോഗസ്ഥർ റെയ്ഡിൽ ഉണ്ടായിരുന്നു.
വലിയ അലമാരകൾ നിറയെ നോട്ടുകെട്ടുകൾ അടുക്കിയ വച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പിടിച്ചെടുത്ത പണം എണ്ണി തിട്ടപ്പെടുത്താൻ 30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും വേണ്ടിവന്നു. മദ്യ വ്യവസായത്തിൽ നിന്നും ലഭിച്ച തുകയാണ് ധീരജ് സാഹു അനധികൃതമായി സൂക്ഷിച്ചുവച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.















