പാൾ: 297 റൺസ് വിജയലക്ഷ്യത്തോടെ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 218 റൺസിന് പുറത്താക്കി. ഇതോടെ 2-1 എന്ന നിലയിൽ ഇന്ത്യ പരമ്പര പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് നേടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറിയും (108) തിലക് വർമ്മയുടെ (52) അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഓപ്പണർമാരായ രജിത് പട്ടീദാറും (22) സായ് സുദർശനും (10) വീണത് ഇന്ത്യൻ നിരയ്‌ക്ക് മങ്ങലെൽപ്പിച്ചു. പട്ടീദാറിനെ നാന്ദ്രെ ബർഗറും സായ് സുദർശനെ ഹെൻഡ്രിക്സുമാണ് പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ കെ.എൽ രാഹുലും (21) മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ മടങ്ങിയതോടെ ഇന്ത്യൻ നിരയെ കടുത്ത സമ്മർദ്ദത്തിലാക്കിയെങ്കിലും വൺഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസണിന്റെ പ്രകടനം ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 216 റൺസാണ് സഞ്ജു- തിലക് സഖ്യം സ്‌കോർ ബോർഡിൽ എഴുതിചേർത്തത്. തിലക് വർമ്മയെ (52) കേശവ് മഹാരാജ് പുറത്താക്കി.
ഇതിനിടയിൽ 110 പന്തുകളിൽ നിന്ന് താരം രാജ്യത്തിനായി ആദ്യ സെഞ്ച്വറിയും നേടി. പക്ഷേ 108 റൺസുമായി സഞ്ജുവിനെ ലിസാഡ് പുറത്താക്കുകയായിരുന്നു. റിങ്കു സിംഗ് (38) അക്‌സർ പട്ടേൽ (1), വാഷിംഗ്ടൺ സുന്ദർ(14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ആവേശ് ഖാൻ (1), അർഷ്ദീപ് സിംഗ് (7) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ബുറാൻ ഹെൻഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നന്ദ്രെ ബർഗർ രണ്ട് വിക്കറ്റും ലിസാഡ് വില്യംസ്, വിയാൻ മൾഡർ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ സോർസി തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ച ഏക താരം. 87 പന്തിൽനിന്ന് 81 റൺസെടുത്ത സോർസിയെ അർഷ്ദീപ് സിംഗ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. 36 റൺസെടുത്ത എയ്ഡൻ മാർക്രത്തിനെ വാഷിംഗ്ടൺ സുന്ദർ കെ.എൽ. രാഹുലിന്റെ കൈകളിൽ എത്തിച്ച് പുറത്താക്കി. ഹെന്റിക് ക്ലാസൻ 21, റീസ ഹെൻട്രിക്‌സ് 19, ബ്യൂറൻ ഹെൻട്രിക്‌സ് 18, കേശവ് മഹാരാജ് 14, ഡേവിഡ് മില്ലർ 10 എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. അർഷ്ദീപ് സിംഗ് 30 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. വാഷിംഗ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവർ രണ്ടും മുകേഷ് കുമാർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും ഇന്ത്യക്കായി നേടി.















