കോട്ടയം: വൈക്കം നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. വൈക്കം നഗരസഭയിൽ വൈദ്യുതി കുടിശിക വരുത്തിയതിനെ തുടർന്നാണ് നടപടി. 1.41 കോടി രൂപയാണ് കുടിശികയിനത്തിൽ നഗരസഭ അടയ്‌ക്കാനുള്ളത്. പണമടയ്‌ക്കാൻ നഗരസഭയ്‌ക്ക് നൽകിയ സമയ പരിധി അവസാനിച്ചതോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്.
വൈക്കം നഗരത്തിൽ 2,500 ൽപരം തെരുവ് വിളക്കുകളും 65 ഓളം ഹൈമാസ്റ്റ് ലൈറ്റുകളുമാണുള്ളത്. ആദ്യഘട്ട നടപടിയെന്നോണം ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി കണക്ഷൻ മാത്രമാണ് ഇപ്പോൾ പൂർണമായും കട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വൈക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ബീച്ച്, മഹാദേവക്ഷേത്രം, കെഎസ്ആർടിസി സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങളെല്ലാം ഇരുട്ടിലാകുന്ന അവസ്ഥയാണ്.
അതേസമയം കെഎസ്ഇബിയുടെ നടപടിക്കെതിരെ വ്യാപാരികളും സമീപവാസികളും പരാതിയുമായി രംഗത്തെത്തി. വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കിൽ കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും അടയ്‌ക്കണമെന്ന കടുത്ത നിലപാടിൽ തന്നെയാണ് കെഎസ്ഇബി.