പാലക്കാട്: മുൻ മന്ത്രിയ്ക്കെതിരെ സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടതിന്റെ പേരിൽ വിരമിച്ച എൻജിഒ അംഗം മുഹമ്മദലിയുടെ പെൻഷൻ തുക കുറച്ച് സർക്കാർ. പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ സീനിയർ സൂപ്രണ്ട് ആയിരിക്കെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് സർക്കാരിന്റെ പ്രതികാരത്തിന് കാരണം. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എംഎം മണിക്കും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെയായിരുന്നു മുഹമ്മദലി പോസ്റ്റ് പങ്കുവച്ചത്.
എംഎം മണിയുടെ ചിരിയെ കുറിച്ചും ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയതുമായിരുന്നു പോസ്റ്റിൽ പരാമർശിച്ചിരുന്നത്. എന്നാൽ എൻജിഒ അംഗം കൂടിയായിരുന്ന മുഹമ്മദലിയുടെ പോസ്റ്റിനെതിരെ പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് സംഭവം കോടതി വരെ എത്തി. അവിടെ കുറ്റസമ്മതം നടത്തി 3,000 രൂപ പിഴയും മുഹമ്മദലി അടച്ചിരുന്നു. തുടർന്ന് 2021-ൽ സർവീസിൽ നിന്നും വിരമിച്ചെങ്കിലും വകുപ്പ് തല അന്വേഷണം ഉദ്യോഗസ്ഥനെതിരെ തുടർന്നു കൊണ്ടിരുന്നു. ഇതിൽ പെരുമാറ്റച്ചട്ടത്തെ ബാധിച്ചെന്ന പേരിൽ പെൻഷൻ തുകയിൽ നിന്നും പ്രതിമാസം 500 രൂപ കുറയ്ക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.