മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉള്ള സംസ്ഥാനമെന്ന ബഹുമതി ഉത്തർപ്രദേശിന് സ്വന്തം. ഏകദേശം 7.75 ലക്ഷം വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറിയതായി സർക്കാരിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 5.17 ലക്ഷവുമായി മഹാരാഷ്‌ട്രയും നാല് ലക്ഷവുമായി കർണാടകവുമാണ് തൊട്ട് പിന്നിലുളളത്. യുപിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ രജിസ്ട്രേഷൻ ഫീസിലും റോഡ് നികുതി ഇനത്തിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 30 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗവും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ്. 2030 ഓടെ ഇവിയുടെ എണ്ണം 20 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സ്വകാര്യ വാഹന ഉപഭോക്താക്കളിൽ നല്ലൊരു പങ്കും ഇവിയിലേക്ക് മാറാൻ താത്പര്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ. ഇതിനായി വിവിധ തലത്തിലുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഓട്ടോമൊബൈൽ വ്യവസായത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്ക് 18 ശതമാനം വരെ ഇൻസെന്റീവാണ് നൽകുന്നത്. കൂടാതെ ചാർജറുകൾ / ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുടെ ജിഎസ്ടി 5 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു