ധനു മാസത്തിലെ തിരുവാതിര ഇങ്ങടുത്തു. തിരുവാതിര എന്ന് കേൾക്കുമ്പോൾ തന്നെ കൂടെ കേൾക്കുന്ന മറ്റൊരു പദമാണ് “എട്ടങ്ങാടി”.
“ചുട്ടു തിന്നുക, വെട്ടിക്കുടിക്കുക, കൊട്ടിക്കളിക്കുക “ എന്നത് തിരുവാതിരചര്യയുടെ ഒരു പഴമൊഴിയാണ്. ചുട്ടു തിന്നുക എന്നത് കിഴങ്ങുവർഗ്ഗങ്ങൾ ചുട്ടു തിന്നുക എന്നതും, വെട്ടിക്കുടിക്കുക എന്നത് കരിക്ക് വെട്ടിക്കുടിക്കുക എന്നതും കൊട്ടിക്കളിക്കുക എന്നത് തിരുവാതിര കളിയെയും പ്രതിനിധാനം ചെയ്യുന്നു. ആചാരപരമായ വിശ്വാസത്തിലുപരി ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശങ്ങളും തിരുവാതിരയിൽ നമുക്ക് കാണുവാൻ കഴിയും.
തേച്ചു കുളി, അഞ്ജനമെഴുത്ത്, ദശപുഷ്പം ചൂടൽ, തിരുവാതിരകളി, വിശിഷ്ട വിഭവങ്ങൾ ആയ എട്ടങ്ങാടി പുഴുക്ക്, നുറുക്ക് , ഇലയട, കൂവപായസം, താളകം, കുഴമ്പ്, ഇവയെല്ലാം ആരോഗ്യ സംരക്ഷണത്തിന്റെ വിശിഷ്ടമായ തിരുവാതിരചര്യകൾ ആകുന്നു.
ദശപുഷ്പ മാഹാത്മ്യം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ധനുമാസം കിഴങ്ങുവർഗ്ഗങ്ങളുടെ വിളവെടുപ്പു കാലവും കൂടെയാണ്. ഉത്രട്ടാതി മുതൽ തുടങ്ങുന്ന തിരുവാതിരവ്രതത്തിന്റെ ഓരോ ദിവസവും ഓരോ കിഴങ്ങ് വർഗ്ഗങ്ങൾ ആണ് നിഷ്കർഷിച്ചിട്ടുള്ളത്. മഞ്ഞുകാലമായ ധനുമാസത്തിൽ ജീവിതശൈലി രോഗങ്ങൾ ഉയരുന്നത് തടയുവാനുള്ള ആരോഗ്യ ചര്യ കൂടിയാണ് കിഴങ്ങ് വർഗ്ഗങ്ങൾ ഉൾപ്പെടുത്തിയുള്ള ആഹാരങ്ങൾ. തിരുവാതിര വിഭവങ്ങളിലെല്ലാം കിഴങ്ങുവർഗ്ഗങ്ങൾ കൂടുതലായി നമുക്ക് കാണുവാൻ കഴിയും. അവയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന ഒന്നാണ് എട്ടങ്ങാടി.
ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, അറിയേണ്ടതെല്ലാം……
ചേമ്പ്, ചേന, മധുരക്കിഴങ്ങ്, കാച്ചിൽ, നനക്കിഴങ്ങ്, കൂർക്ക, ഏത്തക്കായ, ചെറുകിഴങ്ങ് എന്നീ എട്ടു തനി നാടൻ കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന പുഴുക്കാണ് എട്ടങ്ങാടി. വ്രതം നോക്കുന്ന അംഗനമാർ വീട്ടുമുറ്റത്ത് കൂട്ടുന്ന ഉമിത്തീയിൽ ചേനയും ചേമ്പും മറ്റു കിഴങ്ങുകളും ചുട്ടെടുത്താണ് എട്ടങ്ങാടി തയ്യാറാക്കുന്നത്. എന്നാൽ ഇപ്പോൾ ചെറുകിഴങ്ങ് മാത്രമാണ് ചുട്ടെടുക്കുന്നത് മറ്റുള്ളവയെല്ലാം വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്..
മധുരം ചേർത്തുള്ള എട്ടങ്ങാടിയും ഉപ്പുചേർത്തുള്ള എട്ടങ്ങാടിയും കാണുന്നുണ്ട്. ആന്റിഓക്സിഡന്റ് ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ, എന്നിവയുടെ കലവറയുമാണ് എട്ടങ്ങാടി. ആദി മനുഷ്യരുടെ ജീവിതത്തിൽ ഭക്ഷണത്തിന്റെ അടിത്തറയായിരുന്ന കിഴങ്ങ് വർഗ്ഗങ്ങൾ എല്ലാം ഒറ്റ വിഭവത്തിൽ ചേർത്ത് വിശിഷ്ടമായ ദിവസത്തിൽ സേവിക്കുവാൻ സാധിക്കുന്നത് പഴമക്കാരുടെ ആരോഗ്യ സംരക്ഷണ ദീർഘവീക്ഷണത്തിന്റെ തെളിവാണ്.
ചേമ്പ്, രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും വർധിക്കുന്നത് തടയുകയും ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. ചേമ്പിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കൽ നാശത്തെ ചേർക്കുവാനും നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുവാനും സഹായിക്കുന്നു.
ചേന പോഷകങ്ങളുടെ കലവറയാണ്. മാത്രമല്ല അർശസ്സ്, ദഹന പ്രശ്നങ്ങൾ. അതിസാരം. സന്ധിവേദന. ആർത്തവ പ്രശ്നങ്ങൾ. ആസ്മ, വാതം, എന്നിവയുടെ ശമനത്തിനും ചേന വളരെ നല്ലതാണ്.
മധുരക്കിഴങ്ങ് പ്രമേഹം ത്വക്ക് രോഗങ്ങൾ, കാഴ്ച തകരാറ്, എന്നിവ ശമിപ്പിക്കുകയും, ഇതിലെ വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ, എന്നിവ പ്രതിരോധശേഷി നൽകുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് കൊണ്ട് രോഗസാധ്യത കുറയും എന്ന് പറയേണ്ടതില്ലല്ലോ.
കാച്ചിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്ന കിഴങ്ങാണ്. ശരീരഭാരം കുറയ്‌ക്കാനും രക്തയോട്ടത്തിനും ദഹന പ്രശ്നങ്ങൾക്കും ഉത്തമമാണ് കാച്ചിൽ. വിറ്റാമിൻ ഡിയുടെ കലവറയാണ് കാച്ചിൽ. നാഡീ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് കാച്ചിൽ.
കൂർക്ക രോഗപ്രതിരോധശേഷി കൂട്ടുകയും വയറിന്റെ പ്രശ്നങ്ങൾക്ക് പ്രതിവിധിയും ആണ്.
നനകിഴങ്ങ് നിറയെ നാരുകൾ അടങ്ങിയിരിക്കുന്ന വിശിഷ്ടമായ കിഴങ്ങാണ്. ദഹനപ്രക്രിയ എളുപ്പത്തിൽ ആക്കുവാൻ ഇത് സഹായിക്കുന്നു..
ചെറുകിഴങ്ങ് അഥവാ ലെസ്സർ ലാം ഹോർമോണിന്റെ സന്തുലിതാവസ്ഥയ്‌ക്ക് പ്രയോജനമാണ്.
ഏത്തക്കായ ഇരുമ്പ് ഫോസ്ഫറസ് മഗ്നീഷ്യം സൾഫർ കാൽസ്യം എന്നീ ധാതുലവണങ്ങളുടെ കലവറയാണ്. ഇത് ശരീരകോശങ്ങളെ പുനർ നിർമ്മിക്കുവാനും ഊർജ്ജം തരുവാനും സഹായിക്കുന്നു.
ഇത്രയും ഗുണങ്ങൾ അടങ്ങിയ ഔഷധക്കൂട്ട് അഥവാ ഔഷധപ്പുഴുക്കാണ് എട്ടങ്ങാടി. വ്രതം അനുഷ്ഠിച്ച അംഗനവാർക്ക് എട്ടങ്ങാടി ഒരു രസായനം കൂടിയാണ്.
എഴുതിയത്
ഡോക്ടർ അക്ഷയ് എം വിജയ്..
ഫോൺ: 88913 99119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക