റാഞ്ചി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം നടത്തി കമ്യൂണിസ്റ്റ് ഭീകരർ. ഇന്നലെ രാത്രി മഹാദേവസൽ, പൊസോയിറ്റ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ഭീകരർ സ്‌ഫോടനം നടത്തിയത്. റാഞ്ചിയിൽ നിന്ന് 150 കിലോമീറ്റർ അകലയാണ് ഈ സ്‌റ്റേഷനുകൾ. ഇതേതുടർന്ന് ഹൗറ-മുംബൈ റൂട്ടിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ആക്രണം നടന്ന പരിസരത്ത് നിന്ന് രാജ്യവിരുദ്ധ പോസ്റ്ററുകളും ബാനറുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ സജീവമാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതായും ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചെന്നും റെയിൽവേ അറിയിച്ചു.