ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെയും പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. എൻഐഎയ്‌ക്ക് കേസ് കൈമാറിയിട്ടില്ലെങ്കിലും പരിശോധന നടത്താൻ ഏജൻസി സ്വമേധയാ തീരുമാനിക്കുകയായിരുന്നു.
സുരൻകോട്ട് മേഖലയിൽ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയിൽ വെച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്കും ഒരു ജിപ്‌സിയും അക്രമിക്കപ്പെട്ടത്. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന ഭീകരർ വെടിവയ്‌ക്കുകയായിരുന്നു. ആക്രമണത്തിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ള രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്.