പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരുന്ന ചിത്രമാണ് നേര്. മോഹൻലാലിന്റെ തിരിച്ചുവരവിനെ ആരാധകർ ഒന്നടങ്കം ആഘോഷമാക്കുകയാണ്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടായപ്പോൾ ചിത്രത്തോടുള്ള ആരാധകരുടെ ആവേശം പതിന്മടങ്ങായി. ഇന്നിതാ നേരിന്റെ വിജയത്തിനിടെ ചിത്രത്തെ കുറിച്ച് തുറന്നുപറയുകയാണ് നടൻ സിദ്ദിഖ്.
ഒരു സിനിമ ചെയ്യാൻ തുടങ്ങുന്നത് മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത് വരെ ടെൻഷനാണ്. ചിത്രത്തെ എങ്ങനെയായിരിക്കും പ്രേക്ഷകർ വിലയിരുത്തുക എന്നതാണ് എല്ലാവരുടെയും ആശങ്ക. ഒരു സീൻ ചിത്രീകരിക്കുമ്പോൾ ഇത് ആളുകൾക്ക് ഇഷ്ടപ്പെടുമോ എന്ന് തല പുകഞ്ഞ് ആലോചിക്കും. നേരിന്റെ ഷൂട്ട് തുടങ്ങി രണ്ട് ദിവസം മുമ്പാണ് എന്റെ കഥാപാത്രത്തെ കുറിച്ച് ജിത്തു പറയുന്നത്.
കഴിഞ്ഞ ദിവസവും ഞാനും ജിത്തുവുമൊക്കെ ഒരുപാട് ടെൻഷൻ അടിച്ചു. ദൃശ്യം സിനിമയിൽ ജിത്തുവിന്റെ കൂടെ കയറിയതാണ്. പിന്നെ ജിത്തു എന്നെ ഇറക്കി വിട്ടിട്ടില്ല. നുണക്കുഴി എന്ന ജിത്തുവിന്റെ മറ്റൊരു സിനിമയിൽ അഭിയിച്ചുകൊണ്ടിരിക്കുകയാണ്. തുടർച്ചയായി അഭിനയിക്കുമ്പോൾ സംവിധായകന്മാരുമായി ഒരു പ്രത്യേക അടുപ്പം ഉണ്ടാകാറുണ്ട്. നടന്മാർ വെള്ളപേപ്പർ പോലെയാണ്. സംവിധായകൻ തരുന്ന കഥാപാത്രങ്ങൾക്കനുസരിച്ച് നമ്മൾ ഓരോന്ന് ചെയ്യുന്നു. ഒരു സിനിമയിലെ ഒരു റോളുകളും മോശമല്ല. കഥാപാത്രത്തിനനുസരിച്ചാണ് അതിന് മാറ്റമുണ്ടാകുന്നതെന്നും സിദ്ദിഖ് പറഞ്ഞു.