കോട്ടയം: ലക്ഷങ്ങളുടെ കുടിശ്ശിക കെണിയിൽ പെട്ടതോടെ വാഹനങ്ങളുമായി പുറത്തിറങ്ങാനാകാതെ പോലീസുകാർ. കുടിശ്ശിക തീർക്കാതെ പോലീസ് വാഹനങ്ങൾക്ക് ഡീസലും പെട്രോളും നൽകില്ലെന്ന് പമ്പുടമകൾ അറിയിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഡിപ്പാർട്ട്‌മെന്റ്. നവകേരള സദസ്സിന് വേണ്ടി ഉൾപ്പെടെ ഓടിയതിന്റെ കുടിശ്ശിക ഇതിൽ ഉൾപ്പെടുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ സഞ്ചരിക്കുന്നതിനായി സ്വന്തം കയ്യിലെ കാശ് മുടക്കിയാണ് വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കുന്നത്.
കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ ഉൾപ്പെടെ പോലീസ് വാഹനങ്ങളും എആർ ക്യാമ്പിലെ വാഹനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. സ്റ്റേഷനുകളിലെ വാഹനങ്ങളും എആർ ക്യാമ്പിലെ വാഹനങ്ങളും നഗരത്തിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തെ കുടിശ്ശികയാണ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ലഭിക്കാനുള്ളത്. ഏകദേശം 50 ലക്ഷത്തിനടുത്ത് കുടിശ്ശികയുണ്ടെന്നാണ് വിവരം. ഇതിനാൽ തന്നെ പണം ലഭിക്കാതെ ഇന്ധനം നൽകാനാകില്ലെന്ന് പമ്പ് ഉടമകൾ പറയുന്നു.
രണ്ട് ദിവസത്തോളമായി ഇന്ധനം നിറയ്ക്കാനെത്തുന്ന പോലീസ് വാഹനങ്ങളെ പമ്പിൽ നിന്നും മടക്കി അയയ്‌ക്കുകയാണ് ചെയ്യുന്നത്. മുമ്പും സമാന രീതിയിൽ കുടിശ്ശിക ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഭീമമായ തുക ആദ്യമാണെന്ന് പമ്പ് ഉടമകൾ പറയുന്നു. കുടിശ്ശിക തീർക്കാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. ആരെങ്കിലും സഹായത്തിന് വിളിച്ചാലോ അപകടം സംഭവിച്ചാലോ ഓടിയെത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.















