ഇസ്ലാമാബാദ്: സൈഫർ കേസിൽ ഇമ്രാൻ ഖാന് ജാമ്യം നൽകി പാകിസ്താൻ സുപ്രീംകോടതി. മുൻ വിദേശകാര്യമന്ത്രിയും ഇമ്രാന്റെ സഹായിയുമായ ഷാ മഹ്‌മൂദ് ഖുറേഷിക്കും കേസിൽ ജാമ്യം ലഭിച്ചു. ഇരുവരും ഒരു മില്യൺ പാകിസ്താൻ രൂപ വീതം ജാമ്യത്തുകയായി കെട്ടിവയ്‌ക്കണം. പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടി നൽകിയ ഹർജികളിന്മേലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സർദാർ താരിഖ് മസൂദ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
എന്താണ് സൈഫർ കേസ്?
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്നും തനിക്കെതിരെ ഭീഷണിയുണ്ടെന്നുമുള്ള ഇമ്രാൻ ഖാന്റെ വാദത്തിന് അടിസ്ഥാനമായ നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്. ഇമ്രാന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അസം ഖാനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കോഡ് ഭാഷയിൽ എഴുതിയ വിവരങ്ങളെയാണ് സൈഫർ എന്ന് വിശേഷിപ്പിക്കുന്നത്. ആരോപണത്തിന് ആസ്പദമായ ‘സൈഫർ’ അമേരിക്കയിലെ പാകിസ്താൻ എംബസിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് അയച്ചപ്പോൾ ഇമ്രാൻ ചോർത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. പൊതുജനങ്ങൾക്ക് മുമ്പിൽ ഇമ്രാൻ പ്രദർശിപ്പിച്ച ഉള്ളടക്കം സൈഫറിൽ നിന്നുള്ളതായിരുന്നുവെന്ന് അസംഖാൻ തുറന്നുപറഞ്ഞു. ഇതോടെ സൈഫർ പരസ്യമാക്കിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇമ്രാനെതിരെയും അന്നത്തെ വിദേശകാര്യമന്ത്രിക്കെതിരെയും കേസെടുക്കുകയായിരുന്നു എഫ്ബിഐ.
എന്നാൽ അന്വേഷണം കടുത്തതോടെ തനിക്ക് ലഭിച്ച വിവരങ്ങൾ സൈഫറിൽ നിന്നുള്ളതാണെന്ന കാര്യം ഇമ്രാൻ ഖാൻ നിഷേധിച്ചു. എഫ്ബിഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതു പ്രകാരം സൈഫർ സമർപ്പിക്കാനും ഇമ്രാൻ ഖാൻ തയ്യാറായില്ല. താൻ വെളിപ്പെടുത്തിയ വിവരങ്ങൾ സൈഫർ അല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ഇമ്രാൻ ഖാൻ.
സൈഫർ ഉള്ളടക്കങ്ങൾ പുറത്തുവന്നത് എപ്പോൾ?
ഇമ്രാൻ ഖാനെതിരെ അവിശ്വാസപ്രമേയം വന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി പദം സംരക്ഷിക്കാൻ ഇമ്രാൻ ഖാൻ പൊതുജനങ്ങൾക്ക് മുമ്പിൽ ചില രേഖകൾ സമർപ്പിച്ചത്. ഈ രേഖകൾ സൈഫർ ഉള്ളടക്കമാണെന്ന അസംഖാന്റെ വെളിപ്പെടുത്തൽ വലിയ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചു. പ്രധാനമന്ത്രി പദത്തിൽ നിന്നും ഇമ്രാൻ ഖാനെ പുറത്താക്കാൻ അമേരിക്ക നീക്കം നടത്തുന്നുണ്ടെന്ന സൈഫർ ഉള്ളടക്കത്തെക്കുറിച്ച് അസംഖാനായിരുന്നു ഇമ്രാനെ അറിയിച്ചത്.
ആദ്യം ഇക്കാര്യത്തെ ‘അമേരിക്കൻ മണ്ടത്തരം’ എന്ന് വിശേഷിപ്പിച്ച ഇമ്രാൻ, സൈഫറിനെ ആയുധമാക്കാമെന്ന് അസംഖാനോട് പറയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ വിദേശ ഇടപെടലുണ്ടെന്ന് വരുത്തി തീർക്കാനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനും സൈഫർ ഉപയോഗിക്കാമെന്ന് ഇമ്രാൻ പറഞ്ഞതായും അസം ഖാൻ ആരോപിച്ചു. എന്നാൽ ഇത് സൈഫർ ആണെന്ന് അസം ഖാൻ വെളിപ്പെടുത്തിയതോടെ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തിയെന്ന പേരിൽ ഇമ്രാനെ തിരിച്ചടിക്കുകയായിരുന്നു.