തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്തതിന് പിടിയിലായ ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ബലപ്രയോഗം നടത്തി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നിധിൻ പുല്ലന്റെ അറസ്റ്റ് തടഞ്ഞ് സിപിഎം നേതാക്കൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിധിൻ കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.
ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തത്. എസ്എഫ്‌ഐയുടെ വിജയാഘോഷത്തിനിടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊടിതോരണങ്ങൾ പോലീസ് അഴിപ്പിച്ചിരുന്നു. തുടർന്നുള്ള വൈരാഗ്യമാണ് ജീപ്പ് അടിച്ച് തകർത്തതിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ജീപ്പിനകത്ത് പോലീസുകാർ ഇരിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐയുടെ ആക്രമണം. ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്എഫ്‌ഐ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ നിധിൻ പുല്ലനെ അറസ്റ്റ് ചെയ്യാൻ പോലീസുകാർ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ തടഞ്ഞു. വാക്കുതർക്കത്തിനൊടുവിൽ പോലീസ് ബലംപ്രയോഗിച്ച് നിധിനെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും പോലീസുകാരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുക്കാനായിരുന്നു പോലീസിന്റെ നീക്കം. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഇയാൾ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്.