പെട്ടെന്ന് കേടുവരാത്ത ഒന്നാണ് അരി. കുറേദിവസം അരി ചീത്തയാകാതെ നീണ്ടുനിൽക്കും. എങ്കിലും ഇതിനൊരു പരിധിയുണ്ട്. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത പക്ഷം അരിക്ക് പൂപ്പലേൽക്കാൻ സാധ്യതയുണ്ട്. മൂന്ന് മുതൽ നാല് വർഷം വരെ വെള്ളഅരി നിലനിൽക്കും. എന്നാൽ മട്ടവ അരി ആണെങ്കിൽ എട്ട് മാസത്തിൽ കൂടുതൽ കേടുവരാതിരിക്കാൻ പ്രയാസമാണ്. അരി ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ ചില മാർഗങ്ങൾ പരിചയപ്പെടാം..
വായു കടക്കാത്ത പാത്രത്തിൽ സുരക്ഷിതമായി വയ്‌ക്കുക
അരി ചീത്തയാകാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് കണ്ടെയ്‌നർ അല്ലെങ്കിൽ പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഈർപ്പം തടയുന്നതിനും അരി ഫ്രഷായി നിലനിർത്താനും സഹായിക്കുന്നു.
വേപ്പിലയും ഉണങ്ങിയ മുളകും
വേപ്പിലയും ഉണക്ക് മുളകും കണ്ടെയ്‌നറിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഇവ അരിക്കൊപ്പം ഇരിക്കുന്നത് കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും പൂപ്പൽ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിനായി അരി എടുത്തു വച്ചിരിക്കുന്ന പാത്രത്തിൽ ഒരു പിടി വേപ്പിലയോ നാലോ അഞ്ചോ ഉണങ്ങിയ ചുവന്ന മുളകോ ഇട്ട് അടച്ചു വയ്‌ക്കുക തണുപ്പുള്ള ഇടങ്ങളിൽ അരി സൂക്ഷിക്കുന്നതും ഉത്തമമാണ്.















