നീലഗിരി : മേട്ടുപ്പാളയം – കൂനൂർ മലയോര റെയിൽവേ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയെ തുടർന്ന് ഈ മേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മലയോര റെയിൽവേയിൽ ഗതാഗതം നിർത്തിവച്ചത്.
മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവച്ചിരുന്ന മലയോര ട്രെയിൻ സർവീസ് 3 ദിവസത്തിന് ശേഷം ഇന്ന് (ഡിസംബർ 23) പുനരാരംഭിച്ചു.
കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് ദിവസവും രാവിലെ 7:10 ന് ട്രെയിൻ ഉണ്ട്. ക്രിസ്മസ് ന്യൂ ഇയർ അവധി ആഘോഷത്തിന്റെ ഭാഗമായി ധാരാളം മലയാളികൾ എല്ലാ കൊല്ലവും മേട്ടുപ്പാളയം കൂനൂർ റെയിൽവേ യാത്ര ആസ്വദിക്കാറുണ്ട്. ഊട്ടിയിലേക്കുള്ള യാത്രയുടെ ഭാഗമായിട്ടാണ് പലരും ഇതിന് പ്ലാൻ ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് കൂനൂർ മലനിരകളിൽ വ്യാപകമായ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് റെയിൽവേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. റെയിൽവേ ട്രാക്കിൽ വീണ മണ്ണും പാറകളും നീക്കം ചെയ്തു. വിവിധ വകുപ്പുകൾ മൂന്നുദിവസമായി ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഭാഗം ഫലമായാണ് ഇത്ര പെട്ടെന്ന് ഗതാഗതം പുനസ്ഥാപിക്കാനായത്.
മേട്ടുപ്പാളയം മലയോര റെയിൽവേ പാതയിൽ ഗതാഗതം പുനസ്ഥാപിച്ചത് മാസങ്ങൾക്കു മുമ്പേതന്നെ അവധി ആഘോഷം പ്ലാൻ ചെയ്തിരുന്ന നിരവധി ആളുകൾക്ക് ഉപകാരപ്രദമാണ്.















