മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് (47) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം സ്വർണമാണ് പോലീസ് പിടികൂടിയത്.
62 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം നാല് ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് പ്രതി കടത്താൻ ശ്രമിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്.
സംശായസ്പദമായി കണ്ടതിനെ തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്ര ചോദിച്ചിട്ടും സ്വര്‍ണം കൈവശമുണ്ടെന്ന് മുഹമ്മദ് സമ്മതിച്ചിരുന്നില്ല. ആശുപത്രിയിലെത്തിച്ച് എക്സറേ എടുത്തതോടെയാണ് മുഹമ്മദിന്‍റെ വയറിനകത്ത് കാപ്സ്യൂളുകള്‍ കണ്ടെത്തിയത്.















