തിരുവനന്തപുരം: നവകേരള മാർച്ചിൽ പ്രവർത്തകരെ മർദ്ദിച്ച പോലീസ് നടപടിയിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി യുവമോർച്ച. പ്രതിഷേധത്തിനിടയിൽ പോലീസും പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും ഉടലെടുത്തിരിക്കുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിക്കുകയാണ്.
യുവമോർച്ചയോടാണ് കളിക്കുന്നതെന്ന് സിപിഎം ഓർക്കണം. പിണറായി വിജയൻ കേരളത്തിലെ പരിഹാസ്യനായ മുഖ്യമന്ത്രിയാണ്. ചെങ്കൊടി നിക്കറായി ഉടുക്കുന്നവരാണ് പോലീസിനുള്ളിലുള്ളത്. കള്ളപ്പണം വാങ്ങിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മാർച്ചിനിടയിൽ പ്രഫുൽകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം കുറിക്കുകയാണ്. സമാന ദിവസം തന്നെയാണ് ശക്തമായ പ്രതിഷേധവുമായി യുവമോർച്ച രംഗത്ത് എത്തിയിരിക്കുന്നത്. നവകേരള മാർച്ചിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.