കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ബീന കുമ്പളങ്ങി.സഹോദരിയും ഭർത്താവും ചേർന്ന് സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന് നടി പറയുന്നു. ഇതിൽ മനം നൊന്ത് താൻ കഴിഞ്ഞ ആഴ്ചയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്നും പറയുന്നുണ്ട്. സഹോദരിയും അവരുടെ ഭർത്താവും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ബീന മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കില്‍ വീട് വച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിരുന്നു. അങ്ങനെ ഇളയസഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതിലാണ് സംഘടന എനിക്ക് വീട് വെച്ച് തന്നത്. എന്റെ അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു.
പക്ഷെ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്നമായി. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ ആത്മഹത്യ ചെയ്ത് പോയേനെ. അത്രത്തോളം സംഭവങ്ങളാണ് എന്റെ വീട്ടില്‍ നടന്നത്.
അതുകൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി നടി സീമ ജി നായരെ വിളിക്കുകയും ചോയ്തു. എനിക്ക് വേറെ വീടോ മറ്റ് നിവൃത്തിയോ ഇല്ലാത്തതിനാല്‍ ഒരു അനാഥാലയത്തിലേക്ക് എന്നെ കൊണ്ട് പോവുകയാണ്. പതിനെട്ട് വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു. അവസാനമായപ്പോഴും എനിക്ക് ഒന്നുമില്ല. ഞാനുടുത്ത വസ്ത്രം പോലും മുറിച്ചെടുക്കുന്ന ആള്‍ക്കാരാണ് അവിടെയുള്ളത്. ഞാന്‍ ശരിക്കും രക്ഷപ്പെട്ട് പോന്നതാണ്. സീമ ഫോണ്‍ എടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ.’ -ബീന കുമ്പളങ്ങി പറഞ്ഞു.















