മുട്ട വാങ്ങിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. പലപ്പോഴും തിരക്ക് കാരണം അവ നല്ലതാണോ കേടായോ എന്ന് നോക്കാറും ഇല്ല. തിരക്കിട്ട് ഫ്രിഡ്ജിൽ നിന്ന് മുട്ടയെടുത്ത് ഉണ്ടാക്കി കഴിക്കാറാണ് പതിവ്. ഇങ്ങനെ ഉണ്ടാക്കി കഴിക്കുമ്പോഴായിരിക്കും മുട്ട ചീഞ്ഞതാണെന്ന കാര്യം നമുക്ക് മനസിലാവുക. മുട്ട പൊട്ടിച്ച് മണത്തു നോക്കിയാൽ മാത്രമെ കേടായോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ, മുട്ട ചീഞ്ഞതാണോ എന്നറിയാൻ ചില വഴികളുണ്ട്. അതിൽ ഒന്നാണ് മുട്ട വെള്ളത്തിലിട്ട് നോക്കുക എന്നത്.
ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേയ്‌ക്ക് മുട്ടകൾ ഇടുക. നല്ല മുട്ടയാണെങ്കിൽ അത് വെള്ളത്തിനടിയിൽ പാത്രത്തോട് ചേർന്ന് കിടക്കും. ചില മുട്ടകൾ പാതി മുങ്ങിയും ഒരറ്റം വെള്ളത്തിന്റെ മുകളിൽ അല്പം പൊങ്ങിയും കിടക്കുന്നതു കാണാം. ഇത്തരം മുട്ടകൾ അല്പം പഴയതാകാം. എന്നാൽ ഇവ കഴിക്കാവുന്നതാണ്. മുട്ട വെള്ളത്തിൽ പൂർണമായും പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് പഴകിയതും ചീഞ്ഞതുമായിരിക്കും.
എന്തുകൊണ്ടാണ് നല്ല മുട്ടകൾ താഴ്ന്നും ചീഞ്ഞ മുട്ടകൾ വെള്ളത്തിൽ പൊങ്ങിയും കിടക്കുന്നു? മുട്ടയുടെ മഞ്ഞക്കരു, മുട്ടയുടെ വെള്ള എന്നിവയ്‌ക്ക് ആവശ്യത്തിന് പിണ്ഡം ഉള്ളതിനാലാണ് നല്ല മുട്ടകൾ മുങ്ങുന്നത്. മുട്ടയുടെ സാന്ദ്രത വെള്ളത്തിന്റെ സാന്ദ്രതയേക്കാൾ കൂടുതലാണ്. ഒരു മുട്ട അഴുകാൻ തുടങ്ങിയാൽ പിണ്ഡം വാതകമായി മാറുന്നു. ശേഷം ഈ വാതകം ചെറിയ സുഷിരങ്ങൾ വഴി പുറത്തേക്ക് പോകും. ഇതോടെ മുട്ടയുടെ സാന്ദ്രത കുറയും. മുട്ടയുടെ സാന്ദ്രത വെള്ളത്തേക്കാൾ കുറവാകുമ്പോൾ മുട്ട പൊങ്ങിക്കിടക്കുന്നു.