തൃശൂർ: എസ്ഐയ്‌ക്കെതിരെ വധഭീഷണി മുഴക്കി എസ്എഫ്ഐ ദേശീയ നേതാവ്. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത ചാലക്കുടി എസ്ഐ അഫ്സലിന്റെ കാലുകൾ തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറഖ് പറഞ്ഞു. പൊതുജന മദ്ധ്യത്തിൽവെച്ചായിരുന്നു നേതാവിന്റെ ഭീഷണി.
ചാലക്കുടി നഗരമദ്ധ്യത്തിലിട്ട് എസ്ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലും. എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ചതിന് പകരമായി എസ്ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് ജയിലിൽ പോകാൻ താൻ തയ്യാറാണെന്നും ഹസൻ മുബാറഖ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചാലക്കുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് ജീപ്പ് തല്ലിത്തകർത്തതിനെ തുടർന്ന് പോലീസ്, നേതാക്കൾക്ക് നേരെ ലാത്തി വീശിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ ചാലക്കുടിയിൽ നടത്തിയ പ്രകടനത്തിലാണ് എസ്ഐയ്‌ക്കെതിരെ നേതാവ് അസഭ്യ വർഷം നടത്തിയത്.
പോലീസ് വാഹനം തകർത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനടക്കം ആറ് പോരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി.