നടി ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എൽ. ജഗദമ്മ ഏഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’. ഉർവശി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ദേവീക്ഷേത്രത്തിൽ നടന്നു. നടന്മാരായ ഗണേഷ് കുമാർ, കലേഷ് രാമാനന്ദ് തിരക്കഥാകൃത്ത് സജീവ് പാഴൂർ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു.
ശിവപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്നത്. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയുടെ വേഷത്തിലാണ് ഉർവശി എത്തുന്നത്.
കൊട്ടാരക്കരയിലും സമീപ പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനാഥ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും ചിത്രത്തിലുണ്ട്. അനിൽ നായർ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതവും ഷൈജൽ എഡിറ്റിംഗും നിർവ്വഹിക്കും. അൻവർ അലി ആണ് ഗാനരചയിതാവ്.