കോഴിക്കോട്: കാലിക്കറ്റ് സെനറ്റ് അംഗങ്ങളെ തടയാൻ കൂട്ടുനിന്ന വൈസ് ചാൻസിലർക്കെതിരെ പ്രതിഷേധം ശക്തമാക്കി എബിവിപി. സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് എബിവിപി പ്രവർത്തകർ തള്ളിക്കയറി. ദേശീയ നിർവ്വാഹക സമിതി യദു കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്, കേന്ദ്ര പ്രവർത്തക സമിതി അംഗം എൻ സി ടി ശ്രീഹരി, ദേശീയ നിർവ്വാഹക സമിതി അംഗം ശരത്ത് സദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കനത്ത സുരക്ഷയായിരുന്നു സർവകലാശാലയിൽ ഏർപ്പെടുത്തിയിരുന്നത്. ഇത് മറികടന്നാണ് എബിവിപി പ്രവർത്തകർ സർവകലാശാലയുടെ അകത്ത് പ്രവേശിച്ചത്. എഡി ബ്ലോക്കിലേക്ക് പ്രവേശിച്ച എബിവിപി പ്രവർത്തകരെ വളരെ പാടുപെട്ടാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
സെനറ്റ് യോഗത്തിനെത്തിയ പദ്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞതിൽ വൈസ് ചാൻസിലറും കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണ് എബിവിപി സമരവുമായി രംഗത്ത് വന്നത്. എസ്എഫ്‌ഐ സമരത്തിന് സംയമനം പാലിച്ചിരുന്ന പോലീസ് എബിവിപി പ്രവർത്തകർക്കുനേരെ വലിയ മർദ്ദനമാണ് അഴിച്ചുവിടുന്നത്.















