മുംബൈ: ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപം ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്ക് കപ്പൽ മുംബൈ തീരത്തേക്ക് തിരിച്ചതായി റിപ്പോർട്ട്. കപ്പലുമായി ആശയവിനിമയം സാധ്യമായതായും മുബൈയിൽ കപ്പലെത്തിയാൽ ഇവിടെ വച്ചു തന്നെ കപ്പലിനുണ്ടായിരിക്കുന്ന കേടുപാടുകൾ പരിഹരിക്കാനാണ് തീരുമാനമെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇറാനിൽ നിന്നുള്ള ഡ്രോണാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്ക പറയുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
സൗദിയിൽ നിന്നും ക്രൂഡ് ഓയിലുമായെത്തിയ കപ്പലാണ് ഇന്ത്യൻ തീരത്ത് വച്ച് ആക്രമിക്കപ്പെട്ടത്. എംവി ചെം പ്ലൂട്ടോ എന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലിനു നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. കപ്പലിലുള്ള 20 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും തീ വേഗത്തതിൽ അണക്കാൻ സാധിച്ചതിനാൽ വൻ അപകടമാണ് ഒഴിവായതെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു. വിവരം കിട്ടിയ ഉടൻ തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകൾ ആക്രമണത്തിന് ഇരയായ കപ്പലിനടുത്തേക്ക് തിരിച്ചിരുന്നു. മേഖലിലുള്ള എല്ലാ ചരക്കു കപ്പലുകൾക്കും ഇതിനോടകം തന്നെ ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.