ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം 5 പേർക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം 5 പേർക്കെതിരെയാണ് ഒടുവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദനമേറ്റ പ്രതിഷേധക്കാർ നൽകിയ ഹർജി പരിഗണിച്ച ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്രതികൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്.
ഗൺമാനും സെക്യൂരിറ്റി ഉദ്യോഗസ്ഥനും മർദ്ദിച്ചെന്ന പരാതിയുമായി പ്രതിഷേധക്കാർ പോലീസിൽ സമീപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ മുന്നിൽ കണ്ടാണ് ഗൺമാൻ മർദ്ദിച്ചതെന്ന വിചിത്രവാദമായിരുന്നു പോലീസ് ഉന്നയിച്ചത്. അക്രമികൾക്കെതിരെ പോലീസ് കേസെടുക്കാതിരുന്നതോടെയാണ് വീഡിയോയടക്കമുള്ള തെളിവുകൾ നിരത്തി മർദ്ദനമേറ്റ പ്രതിഷേധക്കാർ കോടതിയെ സമീപിച്ചത്. ചട്ടവിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ആലപ്പുഴ സൗത്ത് പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഗൺമാനെയും പേഴ്‌സണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും ന്യായീകരിക്കുന്ന നിലപാടാണ് തുടക്കം മുതൽ തന്നെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. ഗൺമാൻ മർദ്ദിക്കുന്നത് കണ്ടില്ലെന്നും ജീവൻരക്ഷാപ്രവർത്തനമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രതികരണം.