തിരുവനന്തപുരം: നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തുവെന്ന് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രയെ പരിഹസിച്ചുകൊണ്ട് ചെറിയാൻ ഫിലിപ്പ് പോസ്റ്റ് പങ്കുവച്ചത്. പല മന്ത്രിമാർക്കും ആദ്യമായി കേരളത്തിലുടനീളമുള്ള മലനിരകളും കാടും മേടും കടലും കായലും നദികളും നേരിൽ കാണാൻ കഴിഞ്ഞതാണ് നവകേരളം യാത്രയുടെ മുഖ്യനേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..;
‘എല്ലാ മന്ത്രിമാരും
തടിച്ചു കൊഴുത്തു:
ചെറിയാൻ ഫിലിപ്പ്
നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തു.
മന്ത്രിമാരുടെ ശരീര ഭാരം ശരാശരി പത്തു കിലോഗ്രാം വീതം കൂടി.
പൊണ്ണതടിയും ദുർമേദസും മൂലം മിക്ക മന്ത്രിമാർക്കും നടക്കാൻ പോലും വയ്യ.
ജീവിത ശൈലി രോഗങ്ങളുടെ ആധിക്യത്താൽ പലർക്കും ഡോക്ടർമാർ ഉപവാസ ചികിത്സ വിധിച്ചിരിക്കയാണ്.
നവകേരള സദസ്സിനിടയിൽ മൂന്നു മന്ത്രിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് അമിത ഭക്ഷണം മൂലമുള്ള ദഹനക്കേടായിരുന്നു.
സെക്രട്ടറിയേറ്റിൽ ഒന്നര മാസമായി ഭരണം സമ്പൂർണ്ണ സ്തംഭനത്തിലാണ്. ആയിരക്കണക്കിന് ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. ഉദ്യോഗസ്ഥർ മിക്കവരും അപ്രഖ്യാപിത അവധിയിലാണ്.
പല മന്ത്രിമാർക്കും ആദ്യമായി കേരളത്തിലുടനീളമുള്ള മലനിരകളും കാടും മേടും കടലും കായലും നദികളും നേരിൽ കാണാൻ കഴിഞ്ഞതാണ് നവകേരളം യാത്രയുടെ മുഖ്യനേട്ടം.’- ചെറിയാൻ ഫിലിപ്പ് കുറിച്ചു.