കൊൽക്കത്ത: പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ടിഎംസി എംപി അർജുൻ സിംഗിന്റെ അനന്തരവൻ അറസ്റ്റിലായി.
നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. വിക്കി യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംപിയുടെ അനന്തരവൻ പപ്പു എന്ന സഞ്ജിത് സിംഗ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
നവംബർ 21നാണ് വിക്കിയാദവ് വീടിന് സമീപം വെടിയേറ്റ് മരിച്ചത്. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന വിക്കിയോട് മോട്ടോർ സൈക്കിളിൽ വന്ന് പേര് ചോദിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിക്കി പേര് പറഞ്ഞയുടൻ, അവർ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ എട്ട് മുതൽ ഒമ്പത് തവണ വെടിവക്കുകയായിരുന്നു. വിക്കി സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു, പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
വിക്കിയെ ആദ്യം ഭട്പാര സ്റ്റേറ്റ് ജനറൽ ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു . എന്നാൽ, അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബരാക്‌പൂർ എംപി അർജുൻ സിങ്ങിന്റെ മകൻ പവൻ സിങ്ങുമായി ഇയാൾക്ക് അടുപ്പമുണ്ടെന്നു റിപ്പോർട്ടു വന്നിരുന്നു..
കേസിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രദേശത്തെ ബിജെപി പ്രവർത്തകരുടെ വീടുകൾ തകർത്ത സംഭവത്തിൽ ഉൾപ്പെട്ട പ്രതിയാണ് വിക്കി യാദവ് .
അതെ സമയം ഈ സംഭവ വികാസങ്ങൾ ടി എം സിയിൽ വൻ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ അനന്തരവന്റെ അറസ്റ്റിന് പിന്നിൽ ടിഎംസിയുടെ ജഗദ്ദൽ എംഎൽഎ സോമനാഥ് ശ്യാമാണെന്ന് അർജുൻ സിംഗ് ആരോപിച്ചു. കൊലപാതകത്തിൽ ബരാക്‌പൂർ എംപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് എംഎൽഎ സോമനാഥ് ശ്യാം സിംഗിനെതിരെ തിരിച്ചടിച്ചു.“കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ സഞ്ജിത്താണ്. എന്നാൽ, അർജുൻ സിങ്ങിന്റെ സമ്മതമില്ലാതെ സഞ്ജിത് ചെറുവിരല് പോലും അനക്കുന്നില്ല. അതിനാൽ കൊലപാതകത്തിൽ അർജുൻ സിംഗിനും പങ്കുണ്ടെന്ന്” എംഎൽഎ ആരോപിച്ചു.
പ്രാദേശിക കോടതിയിൽ ഹാജരാക്കിയ സഞ്ജിതിനെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.















