മുംബൈ: സഹകരണബാങ്കിൽ 150 കോടി രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. മഹാരാഷ്‌ട്ര മുൻമന്ത്രിയും സൗനറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ സുനിൽ കേദാറിനെതിരെയാണ് നാഗ്പൂരിലെ പ്രത്യേക കോടതിയുടെ വിധി. ബാങ്കിൽ ചെയർമാനായിരിക്കെ സ്വകാര്യ കമ്പനികൾക്ക് വേണ്ടി ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതിനായി നിക്ഷേപത്തെ വകമാറ്റി ഉപയോഗിക്കുകയും ഇതുവഴി ബാങ്കിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നുമാണ് കേസ്. സംഭവത്തിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി, സുനിൽ കേദാറിനെ അഞ്ച് വർഷത്തെ തടവിന് വധിച്ചു. ഇതുകൂടാതെ 12.50 ലക്ഷം രൂപ പിഴയും അടയ്‌ക്കണം.
കേസിൽ പ്രതികളായ മറ്റ് അഞ്ച് പേർക്കും ഇതേ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. അഡീഷണൽ സെഷൻസ് ജഡ്ജ് ജ്യോതി പ്രഖ്ഹാളെ പർക്കറിന്റേതാണ് ഉത്തരവ്.
ഇരുപത് വർഷത്തോളം പഴക്കമുള്ളതാണ് കേസ്. അന്ന് നാഗ്പൂർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായിരുന്നു കേദാർ. തുടർന്ന് 2002ലാണ് ബാങ്ക് നിക്ഷേപത്തിൽ ഇയാൾ തട്ടിപ്പ് നടത്തുന്നത്. നിരവധി സഹപ്രവർത്തകർക്ക് പങ്കുണ്ടായിരുന്നെങ്കിലും കേസിലെ പ്രധാനപ്രതി സുനിൽ കേദാറായിരുന്നു. ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപം ഉപയോഗിച്ച് മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ നിന്നുള്ള സ്വകാര്യ കമ്പനികൾ സർക്കാർ ബോണ്ടുകൾ വാങ്ങി. 125 കോടി രൂപയുടെ ബാങ്ക് നിക്ഷേപമായിരുന്നു ഇതിനായി ഉപയോഗിച്ചത്. പിന്നീട് ഇത് തിരിച്ചടയ്‌ക്കാൻ കമ്പനികൾക്ക് കഴിഞ്ഞില്ല. ഇതോടെ ബാങ്കിൽ 150 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റർ കണ്ടെത്തി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാനത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡിവൈഎസ്പിയാണ് കേസിന്റെ ചുമതല ഏറ്റെടുത്തത്. 2022 നവംബറിൽ തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ചെയർമാൻ സുനിൽ കേദാർ കൂടാതെ ബാങ്ക് മാനേജർ, ചീഫ് അക്കൗണ്ടന്റ് എന്നിവരടക്കം പ്രതിയായിരുന്നു. ആകെ 11 പേരെയാണ് കേസിൽ പ്രതി ചേർത്തത്.