ന്യൂഡൽഹി: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഒരു പുരുഷനെ പരസ്യമായി അപമാനിക്കുകയും അദ്ദേഹത്തെ സ്ത്രീലമ്പടനായി മുദ്രകുത്തുന്നതും അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡൽഹി ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ കേസിലെ കീഴ്കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭർത്താവിനെതിരെ ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
ഓഫീസ് മീറ്റിംഗുകൾക്കിടയിൽ സ്റ്റാഫുകളുടെയും അതിഥികളുടെയും മുന്നിൽ വെച്ച് ഭർത്താവിനെ ഭാര്യ പരസ്യമായി അപമാനിക്കുകയും വാക്കാൽ ആക്രമിക്കുകയും ചെയ്യുന്ന നിർഭാഗ്യകരമായ കേസാണ് ഇത്. വിവാഹത്തിന്റെ അടിസ്ഥാനം വിശ്വാസവും ബഹുമാനവുമാണ്. ഭർത്താവിനോടുള്ള ഭാര്യയുടെ പ്രവൃത്തികൾ കടുത്ത ക്രൂരതയാണ്. ഒരു വ്യക്തിയും ഇണയിൽ നിന്ന് അനാദരവ് സഹിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. പ്രതിച്ഛായ സംരക്ഷിക്കാൻ പ്രവർത്തിക്കണം. ഒരു പങ്കാളിയുടെ അപകീർത്തികരവും അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ മറ്റൊരാളുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുന്നത് അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയാണ്.
ഭർത്താവിൽ നിന്നും അകലാൻ ഭാര്യ കുട്ടിയെ ആയുധമാക്കിയത് ബെഞ്ച് പ്രത്യേകം പരിഗണിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിക്കുന്ന തരത്തിൽ ഭർത്താവ് മാനസിക വേദനയ്‌ക്ക് വിധേയനായെന്നും കോടതി അഭിപ്രായപ്പെട്ടു. കുട്ടിയെ പൂർണ്ണമായും പിതാവിനെതിരെ ആയുധമാക്കുകയും കുട്ടിയെ പിതാവിന് എതിരാകുന്നതും ഒരു രക്ഷിതാവിനും സാഹിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.















