കണ്ണൂർ: പരിയാരം കവർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നാമക്കൽ കുമരപാളയം സ്വദേശി സുള്ളൻ സുരേഷ് ആണ് അറസ്റ്റിലായത്. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതി കവർച്ച നടത്തിയത്.കൊലപാതക കേസിലുൾപ്പെടെ 80-ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. 10 വർഷം മുമ്പുള്ള തൃശൂരിലെ ഒരു കവർച്ചാ കേസിലും ഇയാൾ പിടിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
തമിഴ്‌നാട്ടിലെ ജോലാർപേട്ട ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളിയാഴ്ച ഉച്ചയോടെ പരിയാരം പോലീസ് ഇയാളെ പിടികൂടി. തുടർന്ന് ശനിയാഴ്ച വൈകിട്ട് പരിയാരം സ്റ്റേഷനിലെത്തിച്ചു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.
കേസിലെ മറ്റ് പ്രതികളായ സഞ്ജീവ് കുമാർ, ജെറാൾഡ്, രഘു എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. മൂവരും റിമാൻഡിലാണ്. ഇനി സംഘത്തിലെ മറ്റ് പ്രതിയായ ശിവലിംഗത്തെയാണ് പിടികൂടാനുള്ളത്. പ്രതികളെ പിടികൂടിയെങ്കിലും ഇനിയും തൊണ്ടിമുതൽ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.















